ജീവനെടുക്കുന്ന മരണപാതകൾ
text_fieldsമരണം വിതച്ച് മംഗലം-ഗോവിന്ദാപുരം റോഡ്
കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാന റോഡിൽ വീതി കുറഞ്ഞതും കൈയേറ്റങ്ങൾ ഒഴിപ്പിക്കാത്തതും അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നു. ദേശീയപാതയായി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും എങ്ങുമെത്താതെ നിൽക്കുകയാണ്.
നാലുവരിപാതയായും രണ്ടുവരി പാതയായും നിർമിക്കുമെന്ന് നിരവധി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പൊള്ളാച്ചി ചുങ്കം വരെ എത്തിനിൽക്കുന്ന നാലുവരി പാത തുടർന്ന് അതിർത്തി കടന്ന് വടക്കഞ്ചേരി വരെ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. കൊല്ലങ്കോട്, നെന്മാറ, ചിറ്റിലഞ്ചേരി, കടമ്പിടി തുടങ്ങിയ വീതി കുറഞ്ഞ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മംഗലം-ഗോവിന്ദാപുരം റോഡ് വീതികൂട്ടണം എന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്.
എന്നാൽ ഇവ നടപ്പാക്കാത്തതിനാൽ അപകടങ്ങൾക്ക് ഒട്ടും കുറവില്ല. റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ തയാറാകാത്തതും അപകടങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഇടയാക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഓടകളുടെ തകർന്ന സ്ലാബുകൾ പുനഃസ്ഥാപിച്ചിട്ടില്ല.
കൊല്ലങ്കോട്, നെന്മാറ, ചിറ്റിലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും തകർന്ന ഓടകളും കോൺക്രീറ്റ് സ്ലാബുകളും കൃത്യമായി സ്ഥാപിക്കാത്തതുമൂലം ഇരുചക്ര- സൈക്കിൾ യാത്രികരും നടന്നുപോകുന്ന വിദ്യാർഥികളുമാണ് അപകടത്തിലാകുന്നത്.
ഓരോ അപകടത്തിന് ശേഷവും ഉടൻ നടപടി ഉണ്ടാകും എന്നുള്ള പതിവ് മറുപടിയാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ചിറ്റൂർ താലൂക്ക് വികസന സമിതിയിൽ മംഗലം -ഗോവിന്ദാപു രം റോഡിലെ അപകടകരമായ വളവുകളും അശാസ്ത്രീയതയും സ്ലാബുകൾ ഇല്ലാത്തതും റോഡിലെ കുഴികളും വിദ്യാർഥികൾക്ക് ഭീഷണിയാകുന്നതായി പാരൻസ് കോഓഡിനേഷൻ ഫോറം എന്ന സംഘടന പരാതി നൽകിയിരുന്നു.
ഇതിനു മറുപടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത് അടിയന്തരമായി കുഴികൾ നികത്തും എന്നാണ്. കുഴികൾ നികത്തൽ ആരംഭിച്ചെങ്കിലും റോഡിന്റെ വശങ്ങളിലെ അപകടകരമായ ഓടകൾ പുനർനിർമിച്ച് സ്ലാബുകൾ പുനഃസ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
അത്ര സുഖകരമല്ല പാലക്കാട്-മീനാക്ഷിപുരം അന്തർ സംസ്ഥാന റോഡ്
പുതുനഗരം: പാലക്കാട്-മീനാക്ഷിപുരം അന്തരസംസ്ഥാന പാതയിൽ അപകടങ്ങൾക്ക് ഒട്ടും കുറവില്ല. കിണാശ്ശേരി മുതൽ പ്ലാച്ചിമട വരെയുള്ള പ്രദേശങ്ങളിൽ റോഡിലെ വളവുകളിൽ വീതിക്കുറവും മുന്നറിയിപ്പ് ബോർഡുകൾ കാര്യക്ഷമമായി സ്ഥാപിക്കാത്തതും ഇതര സംസ്ഥാനവാഹനങ്ങൾക്കും കനത്ത തിരിച്ചടിയാകുന്നുണ്ട്.
അന്തർ സംസ്ഥാന വാഹനങ്ങൾ ഏറ്റവും കൂടുതൽ കടന്നുപോകുന്ന റോഡുകളായ പാലക്കാട്- മീനാക്ഷിപുരം മംഗലം ഗോവിന്ദാപുരം റോഡുകളിൽ നിലവിൽ ശബരിമല സീസൺ ആയതോടെ നിരവധി വാഹനങ്ങളാണ് വരുന്നത്. കലുങ്കുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും തകർന്ന മുന്നറിയിപ്പ് ബോർഡുകൾ കൃത്യമായി പുനഃസ്ഥാപിക്കാത്തതും പലപ്പോഴും അപകടങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കൊടുവായൂർ മുച്ചൂർ വളവിനു മുമ്പ് റോഡിലെ കുടിവെള്ള പൈപ്പ് സ്ഥാപിച്ച സ്ഥലത്ത് വെച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡ് വാഹനാപകടത്തിൽ തകർന്നിരുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും ഇവ വീണ്ടും പുനഃസ്ഥാപിച്ചിട്ടില്ല. പുതുനഗരം ടൗണിൽ മത്സ്യമാർക്കറ്റിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ റോഡരികിലെ മരം മുറിച്ചിട്ട് ശേഷം രണ്ടാഴ്ചയായിട്ടും എടുത്തുമാറ്റാത്തത് വഴിയാത്രക്കാർക്ക് ദുരിതമായി. നിരവധി വിദ്യാർഥികളാണ് ഇതുവഴി പോകുന്നത്. പുതുനഗരം ടൗണിൽ സ്ലാബുകൾക്ക് മുകളിലാണ് മത്സ്യങ്ങൾ കൊണ്ടുപോകുന്ന ഫൈബർ കെയ്സുകൾ സ്ഥാപിച്ചിട്ടുള്ളത്.
രണ്ടു വാഹനങ്ങൾ കൃത്യമായി കടന്നാൽ കാൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും ഒഴിഞ്ഞ പ്രദേശത്ത് മാറിനിൽക്കേണ്ട അവസ്ഥയാണ്. റോഡിലെ കൈയേറ്റങ്ങളെ ഒഴിപ്പിക്കാനും പൊതുമരാമത്ത് വകുപ്പും തയാറാകുന്നില്ല. പുലർച്ചെ രണ്ടിന് പുതുനഗരം മത്സ്യം മാർക്കറ്റിൽ മത്സ്യങ്ങൾ വിൽപന ആരംഭിക്കും. മാർക്കറ്റിനുമുമ്പ് റോഡിൽ വാഹനങ്ങൾ നിർത്തി അവിടെവെച്ചുതന്നെ മത്സ്യവിൽപന നടത്തുന്ന പ്രവണത തുടരുകയാണ്.
നാട്ടുകാർ നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ല. അപകടത്തിൽ കുടുങ്ങുന്നവരെ പാലക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നിരവധി തവണ ആംബുലൻസുകൾ മത്സ്യമാർക്കറ്റിലെ വാഹനങ്ങൾ നിർത്തിയിട്ടതുകൊണ്ട് ഗതാഗത കുരുക്കിൽ കുടുങ്ങിയിട്ടുണ്ട്. അന്തർസംസ്ഥാന റോഡിൽ മത്സ്യക്കച്ചവടം നടത്തുന്നവർക്കെതിരെ നടപടി എടുക്കാത്തത് രോഗികളോട് ചെയ്യുന്ന ക്രൂരത യാണെന്ന് ആംബുലൻസ് ഡ്രൈവർ ടി. ഗോപി പറഞ്ഞു.
പാലക്കാട് പൊള്ളാച്ചി അന്തർ സംസ്ഥാന പാത തകർന്ന് തരിപ്പണം
ചിറ്റൂർ: പാലക്കാട് -പൊള്ളാച്ചി അന്തർസംസ്ഥാന പാതയിൽ തകർന്ന റോഡിലെ കുഴിയിൽ വീണ് അപകടം പതിവാകുന്നു. പാലക്കാട്- പൊള്ളാച്ചി പാതയിലെ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെ പലയിടത്തും റോഡ് പാടേ തകർന്നുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളും ചെറിയ വാഹനങ്ങളും അപകടത്തിൽപെടുന്നത് പതിവാണ്.
തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ചരക്കുലോറികളടക്കം പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. വൻ ഗതാഗതക്കുരുക്കാണ് ഈ റൂട്ടിൽ. കഴിഞ്ഞ ദിവസം പിക്കപ്പ് വാൻ കുഴി കണ്ട് ബ്രേക്ക് ചവിട്ടിയതിനെത്തുടർന്ന് ബൈക്കിലെത്തിയ പാലക്കാട് മരുതറോഡ് പാഞ്ചിരിക്കാട് യുവാവ് വാനിന് പിന്നിലിടിച്ച് മരിച്ചിരുന്നു.
രണ്ട് മാസത്തിനിടെ ഈ സ്ഥലത്ത് മാത്രം ചെറുതും വലുതുമായ 16 അപകടങ്ങൾ നടന്നെന്നും നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും റോഡിലെ കുഴി താൽക്കാലികമായി പോലും അടക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറായിട്ടില്ല.
ഹൈവേ വരുന്നതുമായി ബന്ധപ്പെട്ട് റോഡ് കെ.ആർ.എഫ്.ബിക്ക് കൈമാറിയതായും അവരാണ് ശോച്യാവസ്ഥ പരിഹരിക്കേണ്ടതെന്നും പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) അധികൃതർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച അപ്പുപ്പിള്ളയൂരിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചിരുന്നു. തുടർന്നാണ് അധികാരികൾ ഇടപെട്ട് കുഴികൾ അടച്ച് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടത്.
എന്നാൽ, കോൺക്രീറ്റ് ഇട്ട് അടച്ച കുഴികളിൽനിന്ന് കല്ലുകൾ അടർന്നു തുടങ്ങിയതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. വലിയ വാഹനങ്ങളുടെ ചക്രങ്ങൾ കയറുന്നതോടെ കല്ലുകൾ തെറിക്കുന്നത് കച്ചവടക്കാർക്കും കാൽനട യാത്രികർക്കും ഭീഷണിയാണ്.
അതേസമയം, റോഡ് നവീകരണ പ്രവൃത്തികൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.മഴക്കാലമായാൽ വെള്ളം കുത്തിയൊലിച്ചു പോകുന്ന പ്രദേശമാണിവിടം. ഇത് കാരണം റോഡിലൂടെയാണ് വിദ്യാർഥികൾ നടന്നുപോകുന്നത്. റോഡിന്റെ ഉയരക്കൂടുതലും അഴുക്കുചാലില്ലാത്തതും മൂലം വെള്ളം കുത്തിയൊലിച്ച് റോഡിന്റെ അരിക് തകർന്ന് കിടക്കുകയാണ്.
ഇവിടെയുമുണ്ട് ഭീഷണി
മണ്ണാർക്കാട്: ദേശീയപാതയിൽ ഏറെ അപകട ഭീഷണി നേരിടുന്ന മേഖലകളിലൊന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയുള്ള കുമരംപുത്തൂർ വില്ലേജ് പരിസരം മുതൽ കുന്തിപ്പുഴ പാലം വരെയുള്ള ഭാഗം.
ആയിരക്കണക്കിന് വിദ്യാർഥികൾ ദിവസവും വന്നിറങ്ങുന്ന പ്രധാനകേന്ദ്രം എന്ന് മാത്രമല്ല അപകട സാധ്യത ഉയർത്തുന്നത്, മറിച്ച് ദേശീയ പാതയുടെ കയറ്റവും ഇറക്കവും വളവുകളും കവലയുമെല്ലാം ഒത്തുചേർന്ന ഒന്നാന്തരം അപകട ഭീഷണിയുയർത്തുന്ന മേഖലയാണ് ഈ പ്രദേശം. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ സംഭവിക്കുന്ന മേഖലയാണിത്.
സ്കൂൾ വിടുന്ന സമയത്ത് വിദ്യാർഥികൾ കൂട്ടത്തോടെ നേരെ ഇറങ്ങുന്നത് ദേശീയപാതയിലേക്കാണ്. മാത്രമല്ല, ബസ് കാത്തു നിൽക്കുന്നത് അപകടം പിടിച്ച ദേശീയപാതയോരത്തും. അതിനെല്ലാം ഉപരി കോളജ് കവലയിൽനിന്ന് ദേശീയപാതയിൽ ഇരു വശത്തേക്കും ഇറക്കമാണ്.
കയറ്റം കയറി വരുന്ന വാഹനങ്ങൾ പിന്നീട് വേഗത കൂട്ടുന്നതോടെ അപകടസാധ്യത ഇരട്ടിപ്പിക്കുന്നു. ദേശീയ പാത നിർമാണ സമയത്ത് അലൈൻമെന്റുമായി ബന്ധപ്പെട്ട് ഏറെ ആശയക്കുഴപ്പം നിലനിന്നിരുന്ന സ്ഥലം കൂടിയാണ് പ്രദേശം. കോളജ് മുതൽ കല്ലടി സ്കൂൾ ഭാഗത്തുകൂടെ വില്ലേജ് ഓഫിസ് വരെ ഇരുവശത്തും നടപ്പാത വേണമെന്ന് ദേശീയപാത നവീകരണം പൂർത്തിയായ കാലം മുതൽ ഉയരുന്ന ആവശ്യമാണ്. പക്ഷെ പരിഹാരമായിട്ടില്ല.
റോഡിനിരുവശവും ഇതിനാവശ്യമായ സ്ഥലം ലഭ്യമാണെങ്കിലും അധികൃതർ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ല. ഈ ഭാഗത്ത് റോഡിൽനിന്നും ഇറങ്ങി നടക്കാൻ സൗകര്യമില്ലാത്ത സ്ഥിതിയാണ്. കല്ലടി കോളജ് മുതൽ, കല്ലടി സ്കൂൾ വരെയുള്ള ഭാഗത്ത് വിദ്യാർഥികൾ അപകട ഭീതിയോടെയാണ് കാൽനട യാത്ര ചെയ്യുന്നത്.
കല്ലടി സ്കൂളിന് സമീപം ഇരുവശത്തുനിന്നും ഇറക്കം ഇറങ്ങി അമിത വേഗതയിലാണ് വാഹനങ്ങൾ കടന്നുപോകാറുള്ളത്. സ്കൂൾ, കോളജ് വിടുന്ന സമയങ്ങളിൽ ഇത് ഏറെ അപകട ഭീഷണി ഉയർത്താറുണ്ട്. സ്കൂൾ മുതൽ കല്ലടി കോളജ് വരെയും കുമരംപുത്തൂർ വില്ലേജ് ഓഫിസ് വരെയും നടപ്പാത നിർമിച്ചാൽ വിദ്യാർഥികൾക്ക് അത് ഏറെ ഗുണം ചെയ്യും.
സമാനമായ രീതിയിൽ കുട്ടികൾ ദേശീയപാത മുറിച്ചുകടക്കാൻ ഏറെ ഭയപ്പെടുന്ന പ്രദേശമാണ് സമീപമുള്ള എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശവും. ഈ ഭാഗത്ത് ആകാശപ്പാത സംവിധാനം പോലെയുള്ളവ ഒരുക്കണമെന്നാവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.