തത്സമയ ബുക്കിങ് മുതൽ ഇൻഷുറൻസ് പരിരക്ഷ വരെ: മണ്ഡലകാലത്തിനൊരുങ്ങി ശബരിമല
text_fieldsതിരുവനന്തപുരം: തീർഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷയും വെർച്വൽ ക്യൂവിനൊപ്പം തത്സമയ ബുക്കിങ്ങിനും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി. 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 10,000 പേർക്ക് തത്സമയ ബുക്കിങ്ങുമടക്കം 80,000 പേർക്ക് പ്രതിദിന ദർശന സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആധാർ രേഖകൾ നൽകിയാണ് തത്സമയ ബുക്കിങ് നടത്തേണ്ടത്. ആധാർ ഇല്ലാത്തവർ പാസ്പോർട്ടോ വോട്ടർ ഐ.ഡിയോ കരുതണം. ഒപ്പം ഫോട്ടോയുമെടുക്കും. ഇതിനായി പമ്പ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തും.
പുലർച്ചെ മൂന്ന് മുതൽ ഉച്ചക്ക് ഒരുമണിവരെയും ഉച്ചക്ക് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. കഴിഞ്ഞ വർഷം 16 മണിക്കൂറായിരുന്നത് ഇക്കുറി 18 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്. തീർഥാടകരുണ്ടെങ്കിൽ നടയടയ്ക്കുന്ന സമയം അരമണിക്കൂർ വരെ ദീർഘിപ്പിക്കും. നവംബർ 15ന് വൈകീട്ട് അഞ്ചിന് നടതുറക്കും. ബോർഡ് അംഗങ്ങളായ അഡ്വ.എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ
തീർഥാടകർക്കും ജീവനക്കാർക്കുമായി ദേവസ്വം ബോർഡ് അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ഏർപ്പെടുത്തി. ഒരു രൂപപോലും പ്രീമിയം ഈടാക്കാതെ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പരിരക്ഷ. കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ല പരിധിയിലുണ്ടാകുന്ന അപകടങ്ങൾക്കാണ് ഇൻഷുറൻസ് ലഭിക്കുക.
അപകട മരണങ്ങൾക്ക് അഞ്ച് ലക്ഷം രൂപയാണ് ലഭ്യമാക്കുക. കേരളത്തിനുള്ളിലാണെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 30000 രൂപയും പുറത്താണെങ്കിൽ ഒരു ലക്ഷം രൂപയും നൽകും.
നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്കിങ്
നിലയ്ക്കലിൽ 7500-8000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്. പുറമേ 2000 വാഹനങ്ങൾക്ക് കൂടി സൗകര്യമൊരുക്കും. ഇതോടെ നിലയ്ക്കലിലെ വാഹന പാർക്കിങ് ശേഷി 10,000 എണ്ണമാകും. ഫാസ് ടാഗ് വഴിയാണ് പാർക്കിങ് ഫീസ് ഇടാക്കുന്നത്. 1500 ചെറിയ വാഹനങ്ങൾ പമ്പയിലും പാർക്ക് ചെയ്യാം.
പമ്പയിൽ മൂന്ന് നടപ്പന്തലിലായി 1500 പേർക്ക് നിൽക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. മൂന്ന് സ്ഥിരം നടപ്പന്തലും മൂന്ന് താൽക്കാലിക നടപ്പന്തലുമായി ആറ് എണ്ണം കൂടി ഇപ്പോൾ വർധിപ്പിച്ചു. ആകെ ഒമ്പത് പന്തലുകളിലുമായി 4000 പേർക്ക് നിൽക്കാനുള്ള സൗകര്യമുണ്ടാകും. സർജൻ ഡോ.റാം നാരായണന്റെ നേതൃത്വത്തിൽ നൂറിലേറെ വിദഗ്ധരായ ഡോക്ടർമാർ സേവന സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ശബരിമലയിൽ റോപ് വേ പരിഗണനയിൽ
തിരുവനന്തപുരം: ശബരിമലയിൽ റോപ് വേ സജീവ പരിഗണനയിൽ. പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരികെയും അവശ്യസാധനങ്ങളും അത്യാഹിതത്തിൽപ്പെടുന്നവരേയും എത്തിക്കാനാണ് റോപ് വേ. 250 കോടി രൂപ ചെലവിൽ 270 മീറ്റർ റോപ് വേയാണ് നിർമിക്കുക. ഒരു വശത്തേക്ക് 10 മിനിറ്റാണ് യാത്രാസമയം. പമ്പ ഹിൽടോപ്പിൽനിന്ന് സന്നിധാനം പൊലീസ് ബാരക്ക് വരെയാണ് റോപ് വേ നിർമിക്കുക. നേരത്തേ ഏഴു തൂണുകൾ വിഭാവനം ചെയ്തപ്പോൾ 300 വന്മരങ്ങൾ മുറിക്കേണ്ടിവരുമായിരുന്നു.
എന്നാൽ, പുതുക്കിയ രൂപരേഖയിൽ തൂണുകളുടെ എണ്ണം അഞ്ചാക്കിയതോടെ മുറിക്കേണ്ട മരങ്ങളുടെ എണ്ണം 80 ആയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാനായി ഗായിക കെ.എസ്. ചിത്ര, സംഗീത സംവിധായകൻ വിദ്യാസാഗർ, വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി ബോധവത്കരണ വിഡിയോകൾ തയാറാക്കുമെന്ന് പി.എസ്. പ്രശാന്ത് അറിയിച്ചു.
മൊബൈൽ ഫോണുകൾക്ക് നിയന്ത്രണം
18ാം പടിക്ക് മുകളിൽ മൊബൈൽ ഫോണുകൾക്ക് നിയന്ത്രണമുണ്ടാകും. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് ആചാരലംഘനമായത് കൊണ്ടാണ് ഈ തീരുമാനം. 18 ാം പടിക്ക് മുകളിലെത്തുമ്പോൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യണം.
ശബരിമല സീസണിൽ പ്രത്യേക ട്രെയിനുകൾ
പാലക്കാട്: ശബരിമല സീസണിൽ തിരക്ക് ഒഴിവാക്കാൻ കോട്ടയത്തിനും ഹുബ്ബള്ളിക്കുമിടയിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. നമ്പർ 07371 ഹുബ്ബള്ളി ജങ്ഷൻ-കോട്ടയം പ്രതിവാര സ്പെഷൽ നവംബർ 19 മുതൽ 2025 ജനുവരി 14 വരെ (എല്ലാ ചൊവ്വാഴ്ചകളിലും) ഉച്ചക്ക് 3.15ന് ഹുബ്ബള്ളി ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 12ന് കോട്ടയത്തും നമ്പർ 07372 കോട്ടയം-ഹുബ്ബള്ളി ജങ്ഷൻ പ്രതിവാര സ്പെഷൽ നവംബർ 20 മുതൽ 2025 ജനുവരി 15 വരെ (എല്ലാ ബുധനാഴ്ചകളിലും) കോട്ടയത്തുനിന്ന് ഉച്ചക്ക് മൂന്നിന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 12.50ന് ഹുബ്ബള്ളി ജങ്ഷനിലുമെത്തും. സംസ്ഥാനത്ത് പാലക്കാട് ജങ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിൽ നിർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.