ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം
text_fieldsതിരുവനന്തപുരം: ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിലയ്ക്കലിലെ പാർക്കിങ് പൂർണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുവാദത്തോടെ ഏർപ്പെടുത്താൻ ശ്രമിക്കും. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും. നിലയ്ക്കലിൽ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100 ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.