തങ്കഅങ്കി ചാർത്തൽ ഇന്ന്; മണ്ഡലപൂജ നാളെ
text_fieldsശബരിമല: മണ്ഡലകാലത്തിന് ചൊവ്വാഴ്ച സമാപനമാകും. മണ്ഡലപൂജ രാവിലെ 11.04നും 11.40നും മധ്യേ നടക്കും. ശരണംവിളികളാൽ മുഖരിതമാകുന്ന അന്തരീക്ഷത്തിൽ തിങ്കളാഴ്ച വൈകീട്ട് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.
തങ്കഅങ്കി ഘോഷയാത്ര രാവിലെ എട്ടിന് പെരുനാട് ശാസ്ത ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ ക്ഷേത്രം, ചാലക്കയം വഴി ഉച്ചക്ക് 1.30ന് പമ്പയിലെത്തും. പമ്പയിൽനിന്ന് തങ്കഅങ്കി പേടകങ്ങളിലാക്കി വൈകീട്ട് മൂന്നിന് ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അഞ്ചിന് ശരംകുത്തിയിലെത്തും.
നട തുറന്ന ശേഷം തങ്കഅങ്കി സ്വീകരിക്കാനുള്ള സംഘം സോപാനത്ത് എത്തി ദർശനം നടത്തും. തങ്കഅങ്കി സ്വീകരിക്കുന്ന സംഘം ശരംകുത്തിയിലെത്തിയ ശേഷം അവിടെനിന്ന് തീവെട്ടി, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിച്ച് കൊടിമരച്ചുവട്ടിൽ എത്തും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് പേടകം ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങും. തുടർന്ന് നടയടച്ച് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തിൽ അണിയിച്ച് ദീപാരാധാനക്കായി തുറക്കും.
അത്താഴപൂജക്ക് ശേഷം തങ്കഅങ്കി വിഗ്രഹത്തിൽനിന്ന് പേടകത്തിലേക്ക് മാറ്റും. മണ്ഡലപൂജ സമയത്ത് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തിൽ വീണ്ടും ചാർത്തും. മണ്ഡല പൂജക്കുശേഷം വിഗ്രഹത്തിൽനിന്ന് പേടകത്തിലേക്ക് മാറ്റും. 26ന് രാത്രി 11ന് ഹരിവരാസനം പാടി നട അടക്കുതോടെ 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.