മണ്ഡലകാലത്തിന് ഭക്തിസാന്ദ്ര സമാപനം; സുകൃത ദർശനമായി മണ്ഡലപൂജ
text_fieldsശബരിമല: 41 നാൾ നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപനം കുറിച്ച് ദർശനപുണ്യമായി ശബരിമലയിൽ മണ്ഡലപൂജ. തങ്ക അങ്കി വിഭൂഷിതനായ അയ്യനെ കണ്ട് സാഫല്യം നേടിയത് പതിനായിരങ്ങള്‍. മണ്ഡലകാല ഉത്സവത്തിന് മണ്ഡലപൂജയോടെ ഭക്തിനിര്‍ഭര പരിസമാപ്തി. പരിപാവനമായ ശ്രീകോവിലിെൻറ വാതിലുകള്‍ അടച്ച് തന്ത്രിയും മേല്‍ശാന്തിമാരും വിശ്രമത്തില്‍. ശരണമന്ത്രമുഖരിതമായ സോപാനത്തില്‍ ഇനി രണ്ടുനാള്‍ നിശ്ശബ്ദത.
രാവിലെ 10നും 11.40നും മധ്യേ കുംഭം രാശിയിലായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. തൊഴാൻ ഭക്തസഹസ്രങ്ങളാണ് സന്നിധാനത്ത് എത്തിയത്. വെള്ളിയാഴ്ച 9.30 വരെ മാത്രമായിരുന്നു നെയ്യഭിഷേകം. കലശപൂജയോടെയും കളഭാഭിഷേകത്തോടെയുമായിരുന്നു മണ്ഡലപൂജക്ക് തുടക്കം കുറിച്ചത്.
പൂജകള്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്, മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. കിഴക്കേമണ്ഡപത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ 25 കലശം പൂജയും കളഭവും നടന്നു. തുടര്‍ന്ന് 11.35 ഓടെ മണ്ഡലപൂജക്കായി നട അടച്ചു. തുടർന്ന് തങ്ക അങ്കി ചാര്‍ത്തി നടതുറന്ന് ദീപാരാധന നടത്തി. രാത്രി 10ന് അയ്യപ്പനെ ഭസ്മാഭിഷിക്തനാക്കി ജപമാലയും യോഗദണ്ഡും ധരിപ്പിച്ച് ഹരിവരാസനം ചൊല്ലി നട അടച്ചതോടെയാണ് മണ്ഡലകാല പൂജകൾക്ക് പരിസമാപ്തി കുറിച്ചത്.
ഇനി രണ്ടുദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിന് 30ന് വൈകീട്ട് അഞ്ചിന് തിരുനട വീണ്ടും തുറക്കും. ജനുവരി 15നാണ് മകരവിളക്ക് ഉത്സവം. ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എൻ. വാസു, ബോർഡ് മെംബർമാരായ വിജയകുമാർ, അഡ്വ. കെ.എസ്. രവി, ദേവസ്വം കമീഷണർ മനോജ് എന്നിവർ മണ്ഡലപൂജ തൊഴാൻ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.