ബാങ്ക് വിളി കേട്ടില്ലെന്ന് പറഞ്ഞത് തെറ്റായി ലഭിച്ച വിവരം; വിശദീകരണവുമായി സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും താന്‍ അത്ഭുതപ്പെട്ടുപോയെന്നുമുള്ള പരാമർശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നുമാണെന്ന് സജി ചെറിയാൻ. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിശദീകരണം നടത്തിയത്.
പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബാങ്ക് വിളി കേട്ടില്ല എന്ന പരാമർശം ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു -അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്. മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.