ഗവർണറെ ഉപയോഗപ്പെടുത്തി നിഗൂഢഭരണത്തിന് കേന്ദ്രം ശ്രമിക്കുന്നുവെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: ഗവർണറെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് നിഗൂഢഭരണത്തിന് കേന്ദ്രം ശ്രമിക്കുകയാണെന്ന് എസ്.ഡി.പി.ഐ. കേരളം ഉൾപ്പെടെയുള്ള ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ ഗവർണമാർ ഭരണത്തിൽ അനാവശ്യ ഇടപെടൽ നടത്തുകയാണ്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടില്ല എന്ന ധാർഷ്ട്യ നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. രാജ്ഭവനിൽ ഉൾപ്പെടെ ജനങ്ങൾ പിന്തുണക്കാത്ത കേന്ദ്ര സർക്കാരിന് താൽപ്പര്യമുള്ളവരെ നിയമിക്കുകയാണ്. രാജ്ഭവനിൽ സംഘപരിവാര സ്വാധീനം വർധിക്കുകയാണ്.
സംഘപരിവാരത്തെ തിരുകിക്കയറ്റി സർവകലാശാലകൾ പിടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നു. സംഘപരിവാർ വക്താവിനെ പോലെയാണ് ഗവർണർ പെരുമാറുന്നത്. ഭരണഘടനാ പദവിയിലിരുന്ന് ആർ.എസ്.എസ് പരിപാടിയിൽ പരസ്യമായി പങ്കെടുക്കുകയും അവരുടെ വിദ്വേഷ പ്രസ്താവനകൾ ആവർത്തിക്കുകയും ചെയ്യുകയാണ്.
സർവകലാശാല സെനറ്റിൽ ആർ.എസ്.എസ്-എ.ബി.വി.പി ക്കാരെ നാമനിർദേശം ചെയ്ത നടപടി ഹൈക്കോടതി തന്നെ റദ്ദാക്കിയത് ഗവർണറുടെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നു. സ്വാർഥ ലക്ഷ്യത്തോടെ ഗവർണറെ പരിധിവിട്ട് പുകഴ്ത്തുകയും മോദിക്കും തനിക്കും ഇടയിലെ ഇടനിലക്കാരനായി പരിഗണിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറുടെ ധാർഷ്ട്യത്തിന് ഉത്തരവാദിയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും തൃണവൽഗണിച്ച് സംസ്ഥാന ഭരണം അസ്ഥിരപ്പെടുത്താനുള്ള ഗവർണറുടെ നീക്കം അപലപനീയമാണെന്നുംസംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.