എസ്.ഡി.ആർ.എഫ്: പുതിയ കണക്കുമായി കേന്ദ്രം
text_fieldsതിരുവനന്തപുരം: സംസ്ഥാന ദുരന്ത പ്രതികരണനിധി(എസ്.ഡി.ആർ.എഫ്)യിലെ തുകക്ക് പുതിയ കണക്കുമായി കേന്ദ്രം. 2024 ഏപ്രിൽ ഒന്നിലെ കണക്ക് പ്രകാരം എസ്.ഡി.ആർ.എഫിൽ 398 കോടി രൂപയുണ്ടെന്നും ഈ തുക വയനാടിനായി ചെലവഴിക്കണമെന്നുമാണ് നിർദേശം. നാലുദിവസം മുമ്പാണ് ഇതുസംബന്ധിച്ച് കത്ത് ലഭിച്ചത്.
അതേസമയം ഈ തുക ഇതിനകം ബാധ്യതയേറ്റ ‘കമിറ്റഡ് എക്സ്പെൻഡിച്ചറാണ്’ എന്നാണ് സർക്കാർ നിലപാട്. എസ്.ഡി.ആർ.എഫിൽ 23 ഇനങ്ങളിലാണ് പണം അനുവദിക്കുക. അപകടങ്ങളിലെ മരണം മുതൽ വീട് തകർച്ച വരെയുള്ളതാണ് ഈ ഹെഡുകൾ. അപകട മരണങ്ങൾക്ക് പണം അധികം വൈകാതെ നൽകുമെങ്കിലും പ്രളയം മൂലമുള്ള റോഡ് തകർച്ച, പ്രകൃതി ദുരന്തങ്ങളിലെ വീട് തകർച്ച, ബണ്ടുകളുടെ നിർമാണം തുടങ്ങിയ നടപടിക്രമങ്ങൾ രണ്ടാംഘട്ടം പിന്നിട്ട ശേഷമാണ് ഫണ്ട് അനുവദിക്കുക.
അക്കൗണ്ടിൽ പണമുണ്ടെന്ന് വെച്ച് അത് വെറുതെ കിടക്കുന്നതല്ലെന്നും ബാധ്യതയേറ്റെടുത്ത ചെലവുകൾക്കുള്ളതാണെന്നുമാണ് സർക്കാർ വിശദീകരണം.
സാമ്പത്തിക വർഷം പിന്നിടുമ്പോൾ എസ്.ഡി.ആർ.എഫിലുള്ള തുകയിൽ നേർപകുതി ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് (എൻ.ഡി.ആർ.എഫ്) പോകുമെന്നാണ് കേന്ദ്ര നിലപാട്. ഫലത്തിൽ 199 കോടി ഇത്തരത്തിൽ എൻ.ഡി.ആർ.എഫിലേക്ക് മാറും. ഇതിൽ 153 കോടി കേരളത്തിനായി റിലീസ് ചെയ്യാമെന്നാണ് കേന്ദ്ര നിലപാട്. അക്കൗണ്ടിൽ നിന്നെടുത്ത തുകയിൽ ഒരു വിഹിതം നൽകിയിട്ട് പുതിയ ധനസഹായ പ്രഖ്യാപനമായി വ്യാഖ്യാനിക്കലാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.