ദേശീയ പാർട്ടിയുടെ കുഴൽപണ കവർച്ച: ഏഴുപേർ പിടിയിൽ
text_fieldsതൃശൂർ: ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ച മൂന്നരക്കോടി രൂപ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഏഴുപേർ പിടിയിൽ. തൃശൂർ വെള്ളിക്കുളങ്ങര കിഴക്കേകോടാലി വെട്ടിയാട്ടിൽ ദീപക് (ശങ്കരൻ-34), വേളൂക്കര ആപ്പിൾബസാർ വട്ടപ്പറമ്പിൽ അരീഷ് (28), വടക്കുംകര വെളയനാട് കോക്കാടൻ മാർട്ടിൻ ദേവസി (23), വടക്കുംകര പട്ടേപ്പാടം തരുപ്പീടികയിൽ ലെബീബ് (30), വടക്കുംകര വെളയനാട് കുട്ടിച്ചാൽപറമ്പിൽ അഭിജിത്ത് (അഭി-28), വെള്ളാങ്കല്ലൂർ വടക്കുംകര വെളയാനാട് തോപ്പിൽ ബാബു മുഹമദാലി (39), വേളൂക്കര ഹാഷിൻ നഗർ വേലംപ്പറമ്പിൽ അബു ഷാഹിദ് (25) എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘാംഗങ്ങളും അവർക്ക് സഹായം നൽകിയവരുമാണ് പിടിയിലായത്.
പിടിയിലായവർ സ്ഥിരം കുഴൽപണം തട്ടുന്ന സംഘത്തിലുള്ളവരാണെന്നും കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുകയാണെന്നും തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ തൃശൂർ, കോഴിക്കോട്, എറണാകുളം കാക്കനാട് എന്നിവിടങ്ങളിൽനിന്നാണ് പിടികൂടിയത്.
ഏഴ് പേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പദ്ധതി ആസൂത്രണം ചെയ്ത മൂന്നുപേർ നിരീക്ഷണത്തിലുണ്ട്. പണവുമായി പോയ കാർ പാലിയേക്കര ടോൾ പ്ലാസയിൽ എത്തിയപ്പോൾ നിർത്തിയെങ്കിലും തൊട്ടുപിന്നിലുണ്ടായിരുന്ന ഗുണ്ടകൾ സഞ്ചരിച്ച കാർ ടോൾ പ്ലാസയിലെ ബാരിയറിൽ തട്ടി പാഞ്ഞുപോയി.
ഇതിെൻറ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് ക്വട്ടേഷൻ സംഘം വാഹനത്തെ പിന്തുടർന്നതിെൻറ തെളിവ് കിട്ടിയത്. തട്ടിക്കൊണ്ടുപോയ കാറും ക്വട്ടേഷൻ സംഘം ഉപയോഗിച്ച ഒരു കാറും കണ്ടെത്തി. മൂന്നു കാറുകളിലായി എത്തിയ സംഘം പണമുണ്ടായിരുന്ന കാറിൽ ഇടിച്ച് അപകടമുണ്ടാക്കി പണമടങ്ങിയ കാർ തട്ടിയെടുക്കുകയായിരുന്നു. ഒരു കാർ തൃശൂർ പടിഞ്ഞാറെകോട്ടയിൽ നിന്നാണ് കണ്ടെടുത്തത്.
കുഴൽപ്പണം ആർക്കുവേണ്ടിയെന്ന് വ്യക്തമായില്ലെന്ന് ഡി.ജി.പി
തിരുവനന്തപുരം: തൃശൂരിലെ കൊടകരയിൽ കുഴൽപ്പണം കൊണ്ടുവന്നത് ഏത് പാർട്ടിക്ക് വേണ്ടിയാണെന്ന് വ്യക്തമായില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഒരു ദേശീയ പാർട്ടിക്ക് കൊണ്ടുവന്ന കുഴൽപ്പണമാണ് മോഷ്ടിക്കപ്പെട്ടതെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പിക്ക് വേണ്ടിയാണ് പണം വന്നതെന്ന ആരോപണം സി.പി.എം ഉൾപ്പെടെ ഉന്നയിച്ച സാഹചര്യത്തിലാണ് സംഭവത്തിൽ വ്യക്തത വന്നില്ലെന്നനിലയിൽ ഡി.ജി.പി റിപ്പോർട്ട് നൽകിയത്.
സി.പി.എം ഗൂഢാലോചനയെന്ന് ബി.ജെ.പി
തൃശൂർ: കൊടകരയിൽ പണം കവർച്ച ചെയ്ത സംഭവവുമായി ബി.ജെ.പിയെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതിന് പിന്നിൽ സി.പി.എം ഗൂഢാലോചനയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ.കെ. അനീഷ്കുമാർ. ബി.ജെ.പിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.