വിദ്യാർഥിനിയുടെ മരണം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിനു മുന്നിൽ സംഘർഷം
text_fieldsകൊല്ലം: സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. കല്ലേറിലും പൊലീസ് ലാത്തിച്ചാർജിലും മാധ്യമപ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റു. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനി ഗൗരി (15) കഴിഞ്ഞ െവള്ളിയാഴ്ച സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് ബെൽ അടിച്ചപ്പോഴാണ് പെൺകുട്ടി സ്കൂളിെൻറ മൂന്നാം നിലയിൽനിന്ന് ചാടിയത്. ഗുരുതര പരിക്കേറ്റ ഗൗരിയെ ട്രിനിറ്റി സ്കൂൾ മാനേജ്മെൻറിെൻറ അധീനതയിലുള്ള ബെൻസിഗർ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചയോടെ ഗൗരി മരിച്ചു.
വിദ്യാർഥിയുടെ മരണ വിവരം അറിഞ്ഞ് രാവിലെ എേട്ടാടെ കെ.എസ്.യു പ്രവർത്തകരാണ് ആദ്യം സ്കൂളിലേക്ക് മാർച്ച് നടത്തിയത്. സ്കൂളിന് 100 മീറ്റർ അകലെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിടുകയും സ്കൂളിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. മാർച്ച് സംഘർഷാവസ്ഥയിലെത്തിയതോടെ പൊലീസ് ലാത്തിവീശി. കെ.എസ്.യു പ്രവർത്തകർ പിരിഞ്ഞുപോയതിന് തൊട്ടുപിന്നാലെ എസ്.എഫ്.െഎയുടെ പ്രകടനം എത്തി. പ്രവർത്തകൾ ബാരിക്കേഡുകൾ മറികടന്നതോടെ പൊലീസ് ലാത്തിവീശി. ഇതോടെ പല ഭാഗങ്ങളായി തിരിഞ്ഞ വിദ്യാർഥികൾ കല്ലേറ് നടത്തി.
സ്കൂളിനകത്തേക്കും കല്ലുകൾ പതിച്ചു. കല്ലേറിൽ ഏഴ് പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. മൂന്നു സ്കൂൾ ബസുകളുടെ ചില്ലുകൾ തകർന്നു. ഇതോടെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറോളം സംഘർഷം തുടർന്നു. പിന്നാലെ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരും മാർച്ച് നടത്തി. സ്കൂളിലെ അധ്യപികമാരുടെ മാനസിക പീഡനത്തെ തുടർന്നാണ് ഗൗരി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് പിതാവ് നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. ഗൗരിയുടെ ക്ലാസ് ടീച്ചർ ക്രെസൻറ്, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചർ സിന്ധു എന്നിവർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് അധ്യാപികമാരും ഒളിവിലാണ്.
ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിനി മരിച്ച സംഭവത്തെതുടർന്ന് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ അറിയിച്ചു. ആത്മഹത്യക്ക് കാരണക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യുക, വിദ്യാർഥിനിയുടെ മരണം ൈക്രംബ്രാഞ്ച് അന്വേഷിക്കുക, സ്കൂളിൽ നടക്കുന്ന വിദ്യാർഥി പീഡനങ്ങൾക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.