മലബാർ സമര നേതാക്കളുടെ പേരുകൾ നീക്കാനുള്ള ശ്രമം കേന്ദ്ര സർക്കാറിൻെറ ഹിന്ദുത്വ വംശീയ അജണ്ട -എസ്.ഐ.ഒ.
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസെർച്ചും (ഐ.സി.എച്ച്.ആർ.) പ്രസിദ്ധീകരിക്കുന്ന രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും മലബാർ സമരനായകരുടെ പേരും വിശദാംശങ്ങളും നീക്കാനുള്ള ശ്രമം സംഘ് പരിവാറിൻെറ ഹിന്ദുത്വ വംശീയ അജണ്ടയാണെന്ന് എസ്.ഐ.ഒ.
1857 മുതൽ 1947 വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നാണ് ആലി മുസ്ലിയാരെയും വാരിയംകുന്നത്തിനെയും ഒഴിവാക്കുന്നത്. നേരത്തെ തന്നെ സംഘ്പർവാർ ചരിത്രകാരന്മാരെക്കൊണ്ട് നിറക്കപ്പെട്ട ഐ.സി.എച്ച്.ആറിൻെറ ചരിത്രത്തെക്കുറിച്ച ഹിന്ദുത്വ ആഖ്യാനങ്ങളെ ആധികാരികമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മലബാർ സമരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്.
ദേശീയ സ്വാതന്ത്രസമര പ്രസ്ഥാനത്തെ തന്നെ ജനകീയമാക്കിയ ഖിലാഫത്ത് പ്രസ്ഥാനത്തെയും ബ്രിട്ടീഷ് കൊളോണിയലിസത്തെ ചെറുത്ത് തദ്ദേശീയമായ ഒരു ഭരണകൂടത്തെ സ്ഥാപിച്ച 1921ലെ മലബാർ സമരത്തെയും കുറിച്ച് 'ഹിന്ദു വിരുദ്ധ കലാപം' എന്ന തെറ്റായ ചരിത്രാഖ്യാനത്തെ നിരന്തരം നിർമിച്ച് മുസ്ലിം വിരുദ്ധ വംശീയതക്ക് ആക്കം കൂട്ടുകയാണ് സംഘ് പരിവാർ കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നത്.
സംഘ് ഭരണകൂടത്തിൻെറ ചരിത്രാഖ്യാനത്തിലെ ഈ വംശീയ പദ്ധതിയെയും ഇന്ത്യയുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ച മുസ്ലിം ജനതയുടെ ചരിത്രത്തോടുള്ള ഈ നിഷേധത്തിനെതിരെയും നൂറു വർഷങ്ങൾ പിന്നിടുന്ന ഉജ്ജ്വലമായ മലബാർ സമര ഓർമകളുടെ പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്നും സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ സഈദ് കടമേരി, ഷമീര്‍ ബാബു, അബ്ദുൽ ജബ്ബാർ, സി.എസ് ഷാഹിൻ, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീന്‍ നദ്‌വി, തശ്‌രീഫ് കെ.പി, നിയാസ് വേളം തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.