അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാറിനെ അസ്ഥിരപ്പെടുത്തുന്നു –സീതാറാം യെച്ചൂരി
text_fieldsപഴയങ്ങാടി(കണ്ണൂർ) : ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഇടതുപക്ഷ സർക്കാറിനെ അസ്ഥിരപ്പെടുത്തുകയാണ് കേന്ദ്ര ഭരണകൂടമെന്ന് സി.പി.എം അഖിലേന്ത്യ ജനറൽ െസക്രട്ടറി സീതാറാം യെച്ചൂരി. കല്യാശ്ശേരി നിയോജകമണ്ഡലം എൽ.ഡി.എഫ് പ്രചാരണ പൊതുസമ്മേളനം പഴയങ്ങാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തുന്ന കേന്ദ്ര നടപടിയെ എതിർക്കുന്ന കോൺഗ്രസ് കേരളത്തിൽ മാത്രം അന്വേഷണ ഏജൻസികളുടെ നടപടിയെ പിൻതുണക്കുകയാണ്. ഇന്ത്യൻ ഭരണഘടനയെ തകർത്ത് ഇന്ത്യൻ റിപ്പബ്ലിക്കിനെതന്നെ കീഴ്മേൽ മറിക്കുകയാണ് മോദി സർക്കാർ.
പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലച്ചു. പൗരത്വഭേദഗതി നിയമം കൊണ്ടുവന്ന് ജനങ്ങളെ വിഭജിക്കുകയും അന്യവത്കരിക്കുകയും ചെയ്തു. പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി പ്രമേയം പാസാക്കിയത് ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളമാണെന്നും അദ്ദേഹം പഴയങ്ങാടിയിൽ പറഞ്ഞു.
രാജ്യത്ത് മാനവികത നിലനിൽക്കുന്ന അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് സീതാറാം യെച്ചൂരി ശ്രീകണ്ഠപുരത്ത് പറഞ്ഞു. മനുഷ്യനെ ജാതിയുടെയും മതത്തിെൻറയും അടിസ്ഥാനത്തിൽ കാണാത്ത സംസ്ഥാനമാണിത്. തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷമില്ലെങ്കിലും വിലക്കെടുക്കാവുന്നവരെ ഉപയോഗപ്പെടുത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്ത് സർക്കാറുകൾ രൂപവത്കരിക്കുകയാണ് ബി.ജെ.പിയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.