സിയാദ് വധം: ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ; ശിക്ഷ ഒമ്പതിന്
text_fieldsമാവേലിക്കര: കായംകുളം വൈദ്യന്‍വീട്ടില്‍ തറയില്‍ സിയാദിനെ (36) കുത്തിക്കൊന്ന കേസില്‍ ഒന്നാംപ്രതി മുജീബ് റഹ്മാനും (44) രണ്ടാംപ്രതി ഷെഫീക്കും (28) കുറ്റക്കാരെന്ന് മാവേലിക്കര അഡീഷനല്‍ ജില്ല ജഡ്ജി എസ്.എസ്. സീന വിധിച്ചു. ഏപ്രില്‍ ഒമ്പതിന് ശിക്ഷ വിധിക്കും.
മൂന്നാംപ്രതി കാവില്‍ നിസാമിനെ കുറ്റവിമുക്തനാക്കി. നാലാംപ്രതി ഷമോന് ഒളിവിലാണ്. സി.പി.എമ്മുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സിയാദിനെ 2020 ആഗസ്റ്റ് 18ന് രാത്രി 10നാണ് ക്വട്ടേഷന്‍ സംഘം കുത്തിക്കൊലപ്പെടുത്തിയത്. കോവിഡ് ബാധിച്ച് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് വീട്ടിലേക്ക് മടങ്ങുംവഴി കായംകുളം എം.എസ്.എം സ്കൂളിന് സമീപത്തുവെച്ച് ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്നെന്നാണ് കേസ്. സംഭവം നടക്കുമ്പോൾ കായംകുളം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു നിസാം. സംഭവശേഷം ഒന്നാംപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതായിരുന്നു കുറ്റം. നാല് ദൃക്സാക്ഷികള്‍ ഉള്‍പ്പെടെ 69 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. 104 രേഖകളും 27 തൊണ്ടിമുതലുകളും ഹാജരാക്കി. ഒന്നാംപ്രതി വെറ്റ മുജീബ് മുമ്പ് ഒരു കൊലക്കേസ് ഉള്‍പ്പടെ 27 കേസില്‍ പ്രതിയായിരുന്നിട്ടും ഒരുകേസില്‍ പോലും ശിക്ഷ ലഭിക്കാതിരുന്നത് ഗൗരവമായി കാണണമെന്ന് കോടതിയില്‍ വാദിച്ചിരുന്നു.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രിയദര്ശനന് തമ്പി വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ജി. ഹരികൃഷ്ണന്, ഓംജി ബാലചന്ദ്രന് എന്നിവരും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.