തെരുവ് നായ്ക്കളിൽ ത്വക്രോഗം വ്യാപകം; ശ്രദ്ധിച്ചില്ലെങ്കിൽ മനുഷ്യരിലേക്ക് പകരുമെന്ന് ആരോഗ്യ പ്രവർത്തകർ
text_fieldsചേർത്തല: തെരുവ് നായ്ക്കളിലുണ്ടാവുന്ന തൊലിപ്പുറത്തെ വൈറസ് ബാധ വൻതോതിൽ വർധിക്കുന്നു. ഇത് മനുഷ്യരിലേക്കും പടരുമെന്ന് ആരോഗ്യ വിദഗ്ധർ. റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളിലാണ് തൊലി അഴുകി പോകുന്ന വൈറസ് ബാധ കണ്ടുവരുന്നത്. തെരുവ് നായ്ക്കൾ കൂട്ടത്തോടെ നടക്കുന്നതും കടിപിടികൂടുന്നതിലൂടെയുമാണ് വൈറസ് ബാധ വ്യാപിക്കുന്നത്.
കാലാവസ്ഥ മാറ്റവും ശുചിത്വമില്ലാത്തതും രോഗപ്രതിരോധ ശേഷിക്കുറവുമാണ് ചർമ രോഗം വർധിക്കാൻ കാരണം. വലിയ തോതിലുള്ള ചൊറിച്ചിൽ മൂലം ശരീരത്തിലെ രോമം കൊഴിഞ്ഞ ഭാഗത്ത് ചുവന്ന് തടിച്ച അവസ്ഥയെ ഡെർമാറ്റോ മൈക്കോ സിസ് (Dermato mycosis) എന്നാണ് മൃഗഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യരിലേക്ക് വളരെ വേഗം വ്യാപിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
ചേർത്തല നഗരത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചിട്ടുണ്ട്. മുട്ടം മാർക്കറ്റ് കേന്ദ്രീകരിച്ച് നായ്ക്കളുടെ ശല്യവും രോഗബാധയും വളരെ കൂടുതലാണ്. ഇതിനെതിരെ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.