പാമ്പ് ഭീതിയില്‍ ഒരു പ്രദേശം; മൂന്നാഴ്ച്ചക്കിടെ പിടികൂടിയത് 73 മൂര്‍ഖന്‍ പാമ്പുകളെ
text_fieldsബാലരാമപുരം: പാമ്പ് ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട് കഴിയുകയാണ് ബാലരാമം ശാലിഗോത്ര തെരുവിലുള്ളവർ. മൂന്നാഴ്ചക്കിടെ ഇവിടെ നിന്ന് പിടികൂടിയത് 73 മൂര്‍ഖന്‍ പാമ്പുകളെയാണ്. ഞായറാഴ്ച രാവിലെ ശാലിഗോത്ര തെരുവിലെ പുത്തന്‍ തെരുവില്‍ നിന്നാണ് 73ാമത്തെ പാമ്പിനെ പിടികൂടിയത്. ഇതോടെ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ് പ്രദേശവാസികൾ.
ബാലരാമപുരം ശാലിഗോത്ര തെരുവിലെ, പുത്തന്‍ തെരുവിൽ പരമശിവത്തിെൻറ വീട്ടില്‍ നിന്നാണ് ആദ്യമായി പാമ്പിനെ പിടികൂടിയത്. ആദ്യ ദിവസം തന്നെ ചെറുതും വലുതുമായ 22 മൂര്‍ഖന്‍ പാമ്പുകളെയാണ് ഇവിടെ നിന്ന് പിടികൂടിയത്. പിന്നീട് വിവിധ ദിവസങ്ങളിലായി ഇയാളുടെ വീട്ടില്‍ നിന്നും സമീപത്തെ വീടുകളിൽ നിന്നുമായി 50തിൽപരം പാമ്പുകളെ പിടികൂടി.
ദിവസം തോറും രണ്ടും മൂന്നും മൂര്‍ഖന്‍ പാമ്പുകളെ പ്രദേശത്തെ വീടുകളില്‍ നിന്ന് പിടികൂടാന്‍ തുടങ്ങിയതോടെ പ്രദേശവാസികളുടെ ഭീതി വർധിച്ചിട്ടുണ്ട്. പാമ്പിനെ പിടികൂടിയ വീടിെൻറ ഉടമയും കുടുംബവും വീട് ഉപേക്ഷിച്ച് ബന്ധുവീട്ടില്‍ അഭയം തേടിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഇപ്പോള്‍ ഏറെ ഭയപ്പാടോടെയാണ് വീട്ടില്‍ കഴിയുന്നത്.
പാമ്പ് പിടിത്തക്കാരെ വിളിച്ചാല്‍ ഫോണെടുത്ത് കൃത്യസമയത്ത് എത്താത്തതിനാൽ നാട്ടുകാരായ യുവാക്കള്‍ തന്നെ പാമ്പിനെ പിടികൂടാൻ രംഗത്തിറങ്ങുകയായിരുന്നു. പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി മ്യൂസിയത്തിലെ താല്‍ക്കാലിക ജീവനക്കാരനായ സനലിെൻറ പക്കല്‍ കൊടുത്തയക്കുകയാണ് ചെയ്യുന്നത്.
ശാലിഗോത്ര തെരുവിലെ യുവാക്കളുടെ വലിയൊരു സംഘം രാത്രിയിലും പകലുമായി നടത്തിവരുന്ന പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തുന്നത്. എവിടെ നിന്നാണ് ഇത്രയും പാമ്പ് വരുന്നതെന്ന് അറിയാത്തത് ഏറെ ആശങ്കക്കിടയാക്കുന്നു. മാസങ്ങളും ദിവസങ്ങളും മാത്രം പ്രായമായ മുര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടുന്നതിലെറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.