കോളജുകളിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനും സമയബന്ധിത ശമ്പളത്തിനും എസ്.ഒ.പി
text_fieldsതിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളജുകളിലെ ഗെസ്റ്റ് അധ്യാപകർക്ക് എല്ലാമാസവും ശമ്പളം ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) പുറത്തിറക്കി കോളജ് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വിളിച്ച ഉന്നതതല യോഗത്തിന്റെ തുടർനടപടിയായാണ് എസ്.ഒ.പി പുറത്തിറക്കിയത്.
സർക്കാർ, എയ്ഡഡ് കോളജുകളിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിന് പരിഗണിക്കാൻ കോളജ് വിദ്യാഭ്യാസ വകുപ്പ് ഒറ്റത്തവണ ഓൺലൈൻ രജിസ്ട്രേഷൻ നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/ നമ്പർ നേടിയിരിക്കണം. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ www.collegiateedu.kerala.gov.in എന്ന വെബ്സൈറ്റിൽ ലിങ്ക് ചെയ്ത പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം നേടുന്ന അധികയോഗ്യതകൾ മാത്രം പിന്നീട് കൂട്ടി ചേർത്താൽ മതിയാകും. രജിസ്ട്രേഷന് ശേഷം അഞ്ച് മേഖലാ ഡെപ്യൂട്ടി ഡയറക്ടേററ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഹാജരായി ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കണം. പരിശോധന പൂർത്തിയാക്കുന്നവർക്ക് ഗെസ്റ്റ് അധ്യാപക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഷൻ ലഭിക്കുന്നവർക്ക് സർക്കാർ, എയ്ഡഡ് കോളജുകളിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാം.
എസ്.ഒ.പിയിലെ മറ്റു പ്രധാന നിബന്ധനകൾ:
- ഓരോ അധ്യയന വർഷവും നടത്തേണ്ടതായ നിയമനങ്ങളുടെ വിവരങ്ങൾ ഏപ്രിൽ 30ന് മുമ്പായി തയാറാക്കണം.
- ഒഴിവുകൾ മൂന്നിൽ കുറയാത്ത പത്രങ്ങളിൽ പരസ്യം നൽകി വാക്-ഇൻ ഇന്റർവ്യൂ നടത്തണം.
- സർക്കാർ കോളജിലെ സെലക്ഷൻ കമ്മിറ്റിയിൽ പ്രിൻസിപ്പൽ/ പ്രിൻസിപ്പൽ നാമനിർദേശം ചെയ്യുന്ന മുതിർന്ന അധ്യാപകൻ അധ്യക്ഷനായും വകുപ്പു തലവൻ, രണ്ടു വിഷയ വിദഗ്ധർ (ഒരാൾ കോളജിന് പുറത്തുള്ളയാൾ) ഉണ്ടായിരിക്കണം.
- എയ്ഡഡ് കോളജിൽ മാനേജർ/ മാനേജറുടെ പ്രതിനിധി ചെയർമാനായ കമ്മിറ്റിയിൽ പ്രിൻസിപ്പൽ, വകുപ്പു മേധാവി, രണ്ടു വിഷയ വിദഗ്ധർ എന്നിവർ (ഒരാൾ കോളജിന് പുറത്തുനിന്ന്) അംഗങ്ങളായിരിക്കും.
- നെറ്റ്/പിഎച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ പി.ജി ബിരുദം നേടിയവരെയും പരിഗണിക്കാം.
- റാങ്ക് പട്ടിക മെയിൻ ലിസ്റ്റ്, സപ്ലിമെന്ററി ലിസ്റ്റ് എന്ന രീതിയിൽ തയാറാക്കണം. യു.ജി.സി യോഗ്യതയുള്ളവരെ മെയിൻ ലിസ്റ്റിലും അല്ലാത്തവരെ സപ്ലിമെന്ററി ലിസ്റ്റിലുമാണ് ഉൾപ്പെടുത്തേണ്ടത്.
- ഗെസ്റ്റ് അധ്യാപക നിയമനത്തിന് ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ഫീസ് ഈടാക്കാൻ പാടില്ല.
- അഭിമുഖത്തിന് 40 ശതമാനം മാർക്കെങ്കിലും ലഭിക്കുന്ന ഉദ്യോഗാർഥികളെ മാത്രമേ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താവൂ. ആവശ്യമായ ഉദ്യോഗാർഥികൾ ഇല്ലെങ്കിൽ വീണ്ടും പത്രപരസ്യം നൽകി ഇന്റർവ്യൂ നടത്തണം.
- എയ്ഡഡ് കോളജുകളിൽ നിയമനം നൽകി 15 ദിവസത്തിനകം രേഖകൾ സഹിതം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ അംഗീകാരത്തിനായി സമർപ്പിക്കണം.
- ഗവ.കോളജിൽ നിയമിക്കുന്ന ഗെസ്റ്റ് അധ്യാപകർക്ക് പ്രത്യേക അംഗീകാരം ആവശ്യമില്ല.
- ഗെസ്റ്റ് അധ്യാപകരെ നിയമിച്ച് അംഗീകാരമായാൽ മൂന്നു ദിവസത്തിനുള്ളിൽ സ്പാർക്കിൽ ഐഡി ക്രിയേറ്റ് ചെയ്യണം.
- ഗെസ്റ്റ് അധ്യാപക നിയമനം സ്പാർക്കിൽ അംഗീകരിച്ചാൽ 15 ദിവസത്തിനകം ശമ്പളബിൽ തയാറാക്കി നൽകേണ്ട ഉത്തരവാദിത്തം പ്രിൻസിപ്പൽമാർക്കാണ്.
- നിയമനം ലഭിച്ച മാസത്തെ ശമ്പളം അതേമാസം അവസാന തീയതിക്കുള്ളിലോ തൊട്ടടുത്ത മാസത്തിലോ മാറാനുള്ള നടപടി സ്വീകരിക്കണം. തുടർന്ന് ഓരോ മാസത്തെയും ശമ്പള ബിൽ അതത് മാസ അവസാന തീയതിയിൽതന്നെ തയാറാക്കി നൽകണം.
- എയ്ഡഡ് ഗെസ്റ്റ് അധ്യാപകരുടെ ശമ്പള ബില്ലുകൾ തൊട്ടടുന്ന മാസം അഞ്ചാമത്തെ പ്രവൃത്തിദിവസത്തിന് മുമ്പായി മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ നൽകണം.
- ഗവ. കോളജുകളിലെ ഗെസ്റ്റ് അധ്യാപകരുടെ ശമ്പളബില്ലുകൾ തൊട്ടടുത്ത മാസം അഞ്ചാമത്തെ പ്രവൃത്തിദിവസത്തിനു മുമ്പ് ട്രഷറിയിൽ സമർപ്പിക്കണം.
- ഗെസ്റ്റ് അധ്യാപകരുടെ ശമ്പളം മാറി നൽകുന്നതിൽ കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാൽ പ്രിൻസിപ്പലും വകുപ്പു മേധാവിയും ഓഫിസ് സൂപ്രണ്ടും സെക്ഷൻ ക്ലർക്കും തുല്യഉത്തരവാദികളാകും.
- സ്ഥിരംഅധ്യാപകരുശട ശമ്പള ബിൽ സമർപ്പിക്കുന്നതിന് മുമ്പ് ഗെസ്റ്റ് അധ്യാപകരുടെ മുൻ മാസത്തെ ശമ്പളം നൽകിയെന്ന് പ്രിൻസിപ്പൽ ഉറപ്പാക്കണം.
- സ്ഥിരംഅധ്യാപകരെ നിയമിക്കുമ്പോൾ അവസാനം നിയമിക്കപ്പെട്ട ഗെസ്റ്റ് അധ്യാപകനെയാണ് നീക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.