പ്രവാസികൾ നിക്ഷേപ തട്ടിപ്പിൽപെടാതിരിക്കാൻ വിദഗ്ധ സമിതി –മുഖ്യമന്ത്രി
text_fieldsതൃശൂർ: പ്രവാസികൾ നിക്ഷേപ തട്ടിപ്പിൽപെടാതിരിക്കാനും സുരക്ഷിത നിക്ഷേപങ്ങളെക്കുറിച്ച് നിർദേശം നൽകാനും ജില്ല തലത്തിലടക്കം വിദഗ്ധ സമിതി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിക്ഷേപ തട്ടിപ്പിന് നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാറും കേരള പ്രവാസിക്ഷേമ ബോർഡും നടപ്പാക്കുന്ന പ്രവാസി ഡിവിഡൻറ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി നിക്ഷേപം സുരക്ഷിതമാക്കാനുള്ള സംവിധാനമാണ് ഡിവിഡൻറ് പദ്ധതി. ശങ്കയില്ലാതെ ഇതിൽ നിക്ഷേപിക്കാം. പണം നഷ്ടപ്പെടില്ല. അതിന് ഉയർന്ന ഗ്യാരണ്ടിയുണ്ട്. പ്രവാസി നിക്ഷേപം നാടിെൻറ അടിസ്ഥാന വികസനത്തിനും അവരുടെയും കുടുംബത്തിെൻറയും ക്ഷേമത്തിനും ഉപയോഗിക്കുകയാണ് ലക്ഷ്യം.
നിക്ഷേപകർക്ക് ആദ്യ മൂന്ന് വർഷം നിക്ഷേപത്തുകയോടൊപ്പം 10 ശതമാനം സർക്കാർ വിഹിതവും ചേർക്കും. നാലാം വർഷം മുതൽ പ്രതിമാസം ലാഭവിഹിതം ലഭിക്കും. നിക്ഷേപകൻ മരിച്ചാൽ ഭാര്യക്കും നിക്ഷേപകയാണെങ്കിൽ ഭർത്താവിനും അത് ലഭിക്കും. തുക തിരിച്ചു കിട്ടണമെന്നുള്ളവർക്ക് മൂന്ന് വർഷം കഴിഞ്ഞാൽ ഡിവിഡൻറ് സഹിതം മടക്കിക്കൊടുക്കും. പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചുവരുന്നവരുടെ ജീവിതം ഭദ്രമാക്കാൻ വിദേശനാണ്യം സൂക്ഷിക്കുന്ന കേന്ദ്രസർക്കാറിന് ചുമതലയുണ്ട്.
5.62 ലക്ഷം കോടി കഴിഞ്ഞ വർഷം മാത്രം പ്രവാസികൾ നാട്ടിലേക്ക് അയച്ചു. ഇവരിൽ നല്ലൊരുശതമാനം കേരളീയരുമാണ്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിത വിജയൻ, കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, കലക്ടർ എസ്.ഷാനവാസ്, അഡീഷനൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.