എസ്.എസ്.എഫ് കേരള സാഹിത്യോത്സവ്: മലപ്പുറം വെസ്റ്റ് ജേതാക്കൾ
text_fieldsമൂവാറ്റുപുഴ: 29ാമത് എസ്.എസ്.എഫ് കേരള സാഹിത്യോത്സവിന് തിരശ്ശീല വീണു. രണ്ടുദിവസമായി നടന്ന കലാസാഹിത്യ മത്സരങ്ങളിൽ 589 പോയന്റ് നേടി മലപ്പുറം വെസ്റ്റ് ജില്ല ഓവറോൾ ചാമ്പ്യൻമാരായി.
തുടർച്ചയായി ആറ് തവണ ഓവറോൾ ചാമ്പ്യൻമാരായ മലപ്പുറം ഈസ്റ്റ് ജില്ലയെ അട്ടിമറിച്ചാണ് മലപ്പുറം വെസ്റ്റ് പ്രഥമ കിരീടം ചൂടിയത്. 545 പോയന്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 534 പോയന്റ് നേടിയ മലപ്പുറം ഈസ്റ്റ് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാസർകോട് ജില്ലയിലെ മുസമ്മിൽ എസ്. സർഗപ്രതിഭ പുരസ്കാരത്തിന് അർഹനായി. കോഴിക്കോട് ജില്ലയിൽനിന്നുള്ള മഹ്ഫൂസ് റിഹാൻ കലാപ്രതിഭ പട്ടവും നേടി. കേരളത്തിലെ 14 ജില്ലയിൽനിന്നും തമിഴ് നാട്ടിലെ നീലഗിരിയിൽനിന്നുമുള്ള രണ്ടായിരത്തോളം പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രത്യേകം സംവിധാനിച്ച 13 വേദിയിലായാണ് വിദ്യാർഥികൾ മത്സരിച്ചത്.
എട്ട് വിഭാഗങ്ങളിൽ 144 ഇനങ്ങളിലായിരുന്നു മത്സരം. സമാപന സംഗമം എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ. നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ, എൻ.എം. സ്വാദിഖ് സഖാഫി, കലാം മാവൂർ, എം. അബ്ദുൽ മജീദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. 2024ൽ നടക്കുന്ന മുപ്പതാമത് സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന തിരുവനന്തപുരം ജില്ലക്ക് നിലവിലെ ആതിഥേയരായ എറണാകുളം ജില്ലയുടെ സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി. കേരള സാഹിത്യോത്സവിലെ വിജയികൾ 2023 നവംബർ 18 മുതൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ദേശീയ സാഹിത്യോത്സവിൽ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.