അബിഗേലിനെ തിരഞ്ഞ് നാട്; സംസ്ഥാന വ്യാപക പരിശോധന
text_fieldsകൊല്ലം: ഒായൂർ മരുതമൺപള്ളിയിൽ നിന്ന് ഇന്നലെ കാറിൽ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താനായി സംസ്ഥാന വ്യാപക പരിശോധന. ഇന്നലെ വൈകീട്ട് തുടങ്ങിയ വാഹന പരിശോധന ഉൾപ്പെടെ തുടരുകയാണ്. കൊല്ലത്തും സമീപജില്ലകളായ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലും പഴുതടച്ച വാഹന പരിശോധനയാണ് പൊലീസ് നടത്തുന്നത്.
ഡിവൈ.എസ്.പി വിജയകുമാറിന്‍റെ നേതൃത്വത്തിൽ അബിഗേലിന്‍റെ രക്ഷിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ കൺട്രോൾ റൂം നമ്പരായ 112ലോ 9946923282, 9495578999 എന്നിവയിലോ അറിയിക്കണമെന്നാണ് പൊലീസിന്‍റെ നിർദേശം.
ഇന്ന് രാവിലെയോടെ പണം റെഡിയാക്കി നൽകാനായിരുന്നു ഇന്നലെ ഫോണിൽ വിളിച്ച സ്ത്രീ ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് ലക്ഷമായിരുന്നു ആവശ്യപ്പെട്ടത്. രണ്ടാമത് വിളിച്ചപ്പോൾ 10 ലക്ഷമാണ് ആവശ്യപ്പെട്ടത്. ഇതിന് തയാറാണെന്ന് കുടുംബം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ന് രാവിലെ 10 മണിയായിട്ടും തട്ടിക്കൊണ്ടുപോയവരിൽ നിന്ന് ഫോൺ കാൾ ലഭിച്ചിട്ടില്ല.
പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. രേഖചിത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.
ഓയൂർ അമ്പലംകുന്ന് സിദ്ധാർഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മരുതമൺപള്ളി കോഴിക്കോട് റെജി ഭവനിൽ റെജി ജോൺ - സിജി ദമ്പതികളുടെ മകൾ അബിഗേൽ സാറാ മറിയ (മിയ - ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.45ന് കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട നാൽവർ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്പതു വയസ്സുകാരനായ സഹോദരൻ രക്ഷപ്പെട്ടു.
അബിഗേൽ സഹോദരൻ യോനാഥനൊപ്പം സ്കൂൾവിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഓയൂർ പൂയപ്പള്ളി മരുതമൺ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറിൽ കാത്തുനിന്നവർ ഇരുവരെയും ബലമായി പിടിച്ച് കാറിൽ കയറ്റി. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്.
കാറിന്‍റെ വാതിൽ അടക്കുന്നതിനിടെ യോനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, കുട്ടിയുടെ ഇരുകാലിലും മുറിവേറ്റിട്ടുണ്ട്. രക്ഷപ്പെട്ട കുട്ടി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി.
വെള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്കാണ് വിളി വന്നത്. അപരിചിത നമ്പറിൽനിന്ന് വിളിച്ചവർ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. വിളിവന്ന ഫോൺ നമ്പർ പൊലീസ് പരിശോധിച്ചപ്പോഴാണ് കടയുടമയുടേതാണെന്ന് കണ്ടെത്തിയത്. പിന്നീട് മറ്റൊരുഫോണിൽനിന്ന് വിളിച്ചാണ് കുട്ടി സുരക്ഷിതയാണെന്നും നാളെരാവിലെ 10 മണിയോടെ 10 ലക്ഷം രൂപ തന്നാൽ കുട്ടിയെ തിരികെ ഏൽപിക്കാമെന്നും പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.