കുട്ടികളെ ഉപയോഗിച്ച് മോഷ്ടിച്ച ബൈക്കുകളും ഫോണും പണവും കണ്ടെടുത്തു
text_fieldsകോഴിക്കോട്: സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും കഴിഞ്ഞ ദിവസം പിടികൂടിയ കുട്ടികൾ ഉൾപ്പെട്ട സംഘം നഗരത്തിൽ വ്യാപകമായി മോഷണം നടത്തിയതായി കണ്ടെത്തി. ഇവർ മോഷ്ടിച്ച ബൈക്കടക്കം നിരവധി സാധനങ്ങളും പണവും പൊലീസ് കണ്ടെത്തി. മുഖദാർ സ്വദേശികളായ മുഹമ്മദ് അറഫാൻ, മുഹമ്മദ് അജ്മൽ എന്നിവരെയും രണ്ട് പ്രായപൂർത്തിയാവാത്ത കുട്ടികളെയുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ടീം ലീഡർ അറഫാനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം വാഹനങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. നഗരത്തിൽ കാണാതായ പല ബൈക്കുകളും സാധനങ്ങളും കണ്ടെത്തി. പാലക്കോട്ടു വയലിലും ജനത റോഡിലുമുള്ള വീടുകളിൽനിന്ന് നഷ്ടപ്പെട്ട ആർ എക്സ് 100 ബൈക്കുകൾ, മൂഴിക്കലിൽ മോഷ്ടിച്ച ബൈക്ക്, പുവ്വാട്ടുപറമ്പിൽനിന്ന് മോഷ്ടിച്ച പൾസർ 220 ബൈക്ക്, വട്ടാംപൊയിലിൽ കാണാതായ ആർഎക്സ് ബൈക്ക്, കാളൂർ റോഡിലുള്ള സ്ഥാപനത്തിൽനിന്ന് കവർന്ന നാലു ലക്ഷത്തിലധികം രൂപ, പി.വി.എസ് ആശുപത്രിക്കടുത്ത ഷോപ്പിൽനിന്ന് എടുത്ത സ്മാർട്ട് വാച്ചുകൾ, മൊബൈൽ ഫോണുകൾ, മാത്തോട്ടം ഓവർ ബ്രിഡ്ജിനു സമീപത്തെ വീട്ടിൽ നിന്ന് മോഷ്ടിച്ച ആർ.എക്സ് ബൈക്ക്, കൊറിയർ സ്ഥാപനങ്ങളിൽനിന്ന് മോഷ്ടിച്ച ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു.
ഇനിയും ബൈക്ക് കണ്ടെടുക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സൗത്ത് അസി. കമീഷണർ എ.ജെ. ബാബുവിെൻറ നേതൃത്വത്തിൽ പന്നിയങ്കര ഇൻസ്പെക്ടർ എ. അനിൽകുമാറും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് നടത്തിയ തെളിവെടുപ്പിലാണ് വിവരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.