മരുന്നേൽക്കാത്ത ബാക്ടീരിയകളെ നേരിടാൻ തന്ത്രവഴി; ആന്റിബയോഗ്രാം ആയുധമാക്കി കേരളം
text_fieldsതിരുവനന്തപുരം: ആന്റി ബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളെ നേരിടാൻ ആന്റിബയോഗ്രാം സജ്ജമാക്കി കേരളത്തിന്റെ മുന്നൊരുക്കം. രോഗകാരികളായ വിവിധ ബാക്ടീരിയകൾ ഏതൊക്കെ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുമെന്നും ഏതിനോടൊല്ലാം കീഴ്പ്പെടുമെന്നതടക്കം ക്ലിനിക്കൽ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വിവരശേഖരമാണ് ആന്റിബയോഗ്രാം.
14,354 രോഗികളുടെ ക്ലിനിക്കൽ സാമ്പിളുകളിൽ നിന്ന് വേർതിരിച്ചെടുത്ത 21,765 മുൻഗണന ബാക്ടീരിയകളെ വിശകലനം ചെയ്താണ് ഈ ക്ലിനിക്കൽ േഡറ്റ തയാറാക്കിയത്. വിവിധ ബാക്ടീരിയ രോഗകാരികളുടെ രൂപരേഖയും അവയെ ചികിത്സിക്കാൻ ഉദ്ദേശിച്ച് തയാറാക്കിയ വിവരശേഖരവും ആന്റിബയോഗ്രാമിലുണ്ട്. ഈ അടിസ്ഥാനവിവരങ്ങൾ ചികിത്സ കൂടുതൽ കാര്യക്ഷമമാക്കുമെന്നും കൃത്യമായ മരുന്ന് നിഷ്കർഷിക്കാൻ ഡോക്ടർമാരെ സഹായിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ഒമ്പത് ജില്ലകളിലെ 18 ലാബുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗം കേന്ദ്രമാക്കിയുമായിരുന്നു പഠനം.
ഒന്നിൽ കൂടുതൽ മരുന്നുകൾക്കെതിരെ പ്രതിരോധ ശേഷി ആർജിച്ചിട്ടുള്ള മൾട്ടി ഡ്രഗ് റെസിസ്റ്റൻസ് ബാക്ടീരിയ, ഒരു ആന്റിബയോട്ടിക്കും ഫലിക്കാത്ത പാൻ ഡ്രഗ് റെസിസ്റ്റൻസ് ബാക്ടീരിയ എന്നിങ്ങനെ വിവിധയിനങ്ങളുടെ സാന്നിധ്യം കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2018-2019 കാലയളവിനെ അപേക്ഷിച്ച് കേരളത്തിൽ പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടുന്നതായാണ് കണ്ടെത്തൽ.
പഠനവിധേയമാക്കിയത് ഏഴ് ബാക്ടീരിയകളെ
പ്രധാനമായും ഏഴ് ബാക്ടീരിയകളുടെ ആന്റിബയോട്ടിക് പ്രതിരോധമാണ് പഠനവിധേയമാക്കിയത്. ഇതിൽ ഇ-കോളി ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷിയാർജിച്ചത് 40 ശതമാനമാണ്. സ്റ്റെഫല്ലോ കോക്കസ് ഓറിസ് 12 ശതമാനവും ക്ലെബ്സിയല്ല 14 ശതമാനവും സ്യൂഡോ മോണസ് 11 ശതമാനവും പ്രതിരോധശേഷി ആർജിച്ചു. എന്ററോകോക്കസ് എട്ട് ശതമാനവും അസിനെറ്റോബാക്റ്റർ ആറ് ശതമാനവും പ്രതിരോധം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.