തെരുവ്നായ് നിയന്ത്രണം: നാല് വർഷത്തിനിടെ കോർപറേഷൻ ചെലവിട്ടത് 60.46 ലക്ഷം
text_fieldsതൃശൂർ: തെരുവ്നായ് നിയന്ത്രണത്തിനായി കോർപ്പറേഷൻ നാല് വർഷത്തിനിടെ ചെലവഴിച്ചത് 60.46 ലക്ഷം രൂപ. വിജയകരമെന്ന് വിലയിരുത്തിയ 'എൻഡ്' പദ്ധതി പാതിവഴിയിൽ അവസാനിപ്പിക്കുകയും കോർപ്പറേഷൻ അതിർത്തിയിൽ തെരുവ് നായ് ശല്യം രൂക്ഷമാവുകയും ചെയ്തിരിക്കെയാണ് നിയന്ത്രണ പദ്ധതിയുടെ പേരിൽ കോർപ്പറേഷൻ ചെലവഴിച്ച കണക്ക് പുറത്ത് വരുന്നത്.
2018 മുതൽ 2022 വരെ 8363 നായ്ക്കളെ വന്ധ്യംകരിച്ചതായി ഹെറിട്ടേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കോർപറേഷൻ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ 591 എണ്ണത്തിനെയാണ് വന്ധ്യംകരിച്ചത്.
2018ൽ 30.46 ലക്ഷം, 19ൽ 15.62 ലക്ഷം 20ൽ 1.30 ലക്ഷം 21ൽ 13.06 ലക്ഷം എന്നിങ്ങനെയാണ് വന്ധ്യംകരണത്തിനായി ചെലവഴിച്ചത്. 2018-19ലാണ് കൂടുതൽ നായ്ക്കളെ വന്ധീകരണം നടത്തിയിരിക്കുന്നത്, 3507 എണ്ണം. ആഗസ്റ്റിൽ കരാറുകാരൻ ജോലി അവസാനിപ്പിച്ചതിനാൽ പിന്നീട് തെരുവ് നായ്ക്കളെ പിടിച്ചിട്ടില്ലെന്നും കോർപറേഷൻ മറുപടിയിൽ പറയുന്നു.
ഒന്നര മുതൽ മൂന്ന് മാസം വരെ പ്രായമുള്ള തെരുവ് നായ് കുട്ടികളെ പിടികൂടി വന്ധീകരിച്ച് പുനരധിവസിപ്പിക്കുന്ന എൻഡ് (ഏർളി ന്യൂട്ടറിങ് ഇൻ ഡോഗ്സ്) പദ്ധതിയാണ് പാതി വഴിയിൽ നിലച്ചത്.
കൊക്കാലെ മൃഗാശുപത്രിയിൽ തുടങ്ങിയ പദ്ധതിയുടെ നേട്ടം മനസ്സിലാക്കിയാണ് കോർപറേഷൻ ഏറ്റെടുത്തത്. ഒരു ഡിവിഷനിൽ വർഷം 20 നായ്ക്കൾക്ക് പകരം മുന്നൂറിലധികം എണ്ണത്തിനെ വന്ധീകരിക്കാനായതോടെ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ തീരുമാനിച്ചു.
എ.ബി.സി പദ്ധതിയേക്കാൾ ചെലവ് കുറവാണെന്നതും പദ്ധതി സ്വീകരിക്കാൻ കാരണമായി. കോർപ്പറേഷനിൽ വിപുലമായ പദ്ധതികളും പറവട്ടാനിയിൽ എൻഡ് സെന്ററും ആരംഭിച്ചുവെങ്കിലും നായ് പിടുത്തക്കാരെ കിട്ടാതായതോടെ പദ്ധതി പാതി വഴിയിൽ നിലച്ചു.
പിടികൂടാൻ ആളില്ലാത്തതും പാർപ്പിക്കാൻ കഴിയാത്ത സാഹചര്യവുമായതോടെയാണ് പദ്ധതി നിലച്ചതെന്നാണ് കോർപ്പറേഷൻ പറയുന്നത്. തെരുവ്നായ് ഭീഷണിയിൽ ഇനിയും നടപടികളിലേക്ക് കോർപറേഷൻ കടന്നിട്ടില്ല. കഴിഞ്ഞ ദിവസം കുരിയച്ചിറയിൽ വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കണ്ടെത്തിയ നായ് ചത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.