ഓണക്കിറ്റിൽ വ്യാപക തട്ടിപ്പ്; സപ്ലൈകോ ഉദ്യോഗസ്ഥർക്കും വീഴ്ച
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തി. 58 പാക്കിങ് സെൻററുകളിലും മാവേലി സ്റ്റോറുകളിലും റേഷൻകടകളിലുമാണ് 'ഓപറേഷൻ കിറ്റ് ക്ലീൻ' എന്ന പേരിൽ പരിശോധന നടത്തിയത്. മിക്ക പാക്കിങ് സെൻററുകളിലെയും കിറ്റുകളിൽ 400 രൂപ മുതൽ 490 രൂപ വരെയുള്ള ഭക്ഷ്യവസ്തുക്കളേയുള്ളൂവെന്ന് പരിശോധനയിൽ കണ്ടെത്തി. ശർക്കരയുടെ തൂക്കത്തിൽ 50 മുതൽ 100 ഗ്രാം വരെ കുറവുകണ്ടെത്തി. ചില കിറ്റുകളിലെ പാക്കറ്റുകളിൽ നിർമിച്ച തീയതിയടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും കെണ്ടത്തി.
ചില പാക്കിങ് സെൻററുകളിലെ കിറ്റുകളിൽ നിർദേശിക്കപ്പെട്ട എല്ലാ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തിയില്ലെന്നും വ്യക്തമായി. സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിൽ സൈപ്ലകോയിലെ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. കിറ്റിൽ ഉൾപ്പെടുത്തിയ ഭക്ഷ്യസാധനങ്ങൾക്ക് എം.ആർ.പി പ്രകാരമുള്ള വിലയും കമ്പോളവിലയും താരതമ്യം ചെയ്തുകൊണ്ടുള്ള അന്വേഷണവും വരുംദിവസങ്ങളിൽ തുടരുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ യഥാർഥ തൂക്കം ഉറപ്പുവരുത്തുന്നതിന് അളവ് തൂക്ക വകുപ്പ് ഉേദ്യാഗസ്ഥരുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷവകുപ്പ് ഉദ്യോഗസ്ഥരുടെയും സേവനം ഉറപ്പുവരുത്തും.
ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് അടിയന്തരമായി നിർത്തിെവക്കുന്നതിനുള്ള നടപടികൾ വിജിലൻസ് സ്വീകരിക്കും. മിന്നൽപരിശോധന നടത്തിയ ഓരോ സെൻററുകളിലും കണ്ടെത്തിയ അപാകതകളെക്കുറിച്ച് വിശദ അന്വേഷണം വരുംദിവസങ്ങളിലും നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുമെന്നും വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്ത് അറിയിച്ചു. വിജിലൻസ് െഎ.ജി എച്ച്. വെങ്കിടേഷ്, ഇൻറലിജൻസ് വിഭാഗം എസ്.പിയുടെ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി ആർ.ഡി. അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.