പൂരം കലക്കിയതിൽ സുരേഷ് ഗോപിക്കും ബി.ജെ.പിക്കും പങ്ക്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും സുനിൽ കുമാർ
text_fieldsതൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് തൃശൂർ എം.പി സുരേഷ് ഗോപിക്കെതിരെ മൊഴി നൽകി സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ. ബി.ജെ.പിക്കും ആർ.എസ്.എസിനും അന്നത്തെ സ്ഥാനാർഥി സുരേഷ് ഗോപിക്കും പൂരം കലക്കലിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
മലപ്പുറം അഡീഷനൽ എസ്.പി ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം രാമനിലയം ഗസ്റ്റ് ഹൗസിൽ എത്തിയാണ് പൂരം കലക്കലിൽ സുനിൽ കുമാറിന്റെ മൊഴിയെടുത്തത്. തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്‍റെ നിലപാട്. എഴുന്നെള്ളിപ്പില്‍ പൊലീസ് ഇടപെട്ടു. സ്വരാജ് റൗണ്ടിലെ വഴികള്‍ ബ്ലോക്ക് ചെയ്തു. പൂരപ്രേമികളെ തടയാന്‍ ബലപ്രയോഗം നടത്തിയെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദേവസ്വം വ്യക്തമാക്കിയിരുന്നു.
രാത്രി ഉണ്ടായ എനിക്കറിയുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു. വെടിക്കെട്ട് വൈകിയത്, പ്രധാനപ്പെട്ട ചടങ്ങുകൾ എല്ലാം കേവലം ചടങ്ങുകളായി മാറ്റിയത്, മേളം നിർത്തിവെച്ചത്, വെടിക്കെട്ട് നടക്കില്ല എന്ന് പ്രഖ്യാപിച്ചത്, പന്തലിന്റെ ലൈറ്റ് ഓഫ് ചെയ്തത് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. ഇതിനുപിന്നിൽ ആർ.എസ്.എസ്, വിശ്വ ഹിന്ദു പരിഷത്ത് ഗൂഢാലോചന ഉണ്ടായെന്ന് ഞാൻ പറഞ്ഞു -മൊഴിയെടുക്കലിനുശേഷം പുറത്തിറങ്ങിയ സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ആർ.എസ്.എസ് നേതാക്കളുടെ സാന്നിധ്യം പുറത്തുവരണമെങ്കിൽ പൊലീസിന്റെ കൈയിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വരണം. സി.സി.ടി.വി പരസ്യപ്പെടുത്താൻ ആവില്ല എന്നാണ് പൊലീസ് പറഞ്ഞത്. പകൽ പൂരത്തിനൊപ്പം വെടിക്കെട്ട് നടത്തിയാൽ മതിയെന്ന് പ്രഖ്യാപിച്ചത് സുരേഷ് ഗോപിയുടെ രംഗപ്രവേശനത്തിന് ശേഷമാണ്. വാഹനങ്ങൾക്ക് വിലക്കുള്ള സ്ഥലത്ത് എല്ലാ ബാരിക്കോടും മാറ്റി ഏത് ഉദ്യോഗസ്ഥനാണ് ആംബുലൻസ് കടത്തിവിട്ടത്. പൂരം അലങ്കോലമാക്കിയതിൽ രാഷ്ട്രീയ നേട്ടം കിട്ടുന്നവർക്ക് ഒപ്പം ആരൊക്കെ നിന്നു? പൂരം അലങ്കോലം ആക്കിയതിന് ഉത്തരവാദി ഇരു ദേവസ്വത്തിലെയും ആളുകൾ അല്ല എന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ നേട്ടങ്ങളോടെ പൂരം അലങ്കോലപ്പെടുത്തി എന്ന തന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൊഴിയെടുക്കാനായി വീണ്ടും വിളിപ്പിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബൂട്ടിട്ട് പൊലീസ് ക്ഷേത്രപരിസരത്ത് കയറിയെന്നും പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചെന്നും തിരുവമ്പാടി ദേവസ്വത്തിന്‍റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. തിരുവമ്പാടി ദേവസ്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് പൊലീസ് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.