2021 ലെ ഓപൺ സൊസൈറ്റി പ്രൈസ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക്
text_fieldsതിരുവനന്തപുരം: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസിന് മുന്‍ ആരോഗ്യമന്ത്രിയും സി.പി.എം സെക്രട്ടറിയറ്റ് അംഗവുമായ കെ കെ ശൈലജ ടീച്ചര്‍ അര്‍ഹയായി. വെള്ളിയാഴ്ച വിയന്നയിലാണ് പുരസ്‌കാര സമര്‍പ്പണം. പൊതുപ്രവര്‍ത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് സംഘാടകർ വ്യക്തമാക്കി.
തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാള്‍ പോപ്പര്‍, യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക് പ്രസിഡന്റും നാടകകൃത്തുമായ വക്ലാവ് ഹാവല്‍, ലോകപ്രശസ്ത സാമ്പത്തിക ചിന്തകന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുന്‍പ് നേടിയിട്ടുള്ളത്. 2020ൽ നോബൽ പുരസ്കാര ജേതാവ് സ്വെറ്റ്ലാന അലക്സിയേവിച്ചിനായിരുന്നു ഓപ്പൺ സൊസൈറ്റിപ്രൈസ്.
കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കെ.കെ. ഷൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു. 2020 ജൂണ്‍ 23 ന് ഐക്യരാഷ്ട്രസഭ കെ.കെ. ഷൈലജ ടീച്ചറിനെ ആദരിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ യു.എന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു.
ബ്രിട്ടനിലെ പ്രോസ്പെക്ട് മാഗസിന്‍ 2020ലെ ലോകത്തെ മികച്ച ആശയങ്ങളുടെ ഗണത്തില്‍ കെ.കെ. ഷൈലജയെ തിരഞ്ഞെടുത്തു. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയാണ് കോവിഡ് കാലത്തെ മികച്ച ആശയങ്ങള്‍ പ്രായോഗികതലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍ നിന്ന് കെ. കെ. ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.