ഭാരവാഹി നിയമനം നീളുന്നു; അസ്വസ്ഥതകളിൽ പുകഞ്ഞും ഗ്രൂപ്യോഗ വിവാദത്തിലും കോൺഗ്രസ്
text_fieldsതിരുവനന്തപുരം: പുതിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും കാര്യത്തിൽ തീരുമാനം വൈകുന്നതോടെ കോൺഗ്രസിൽ അസ്വസ്ഥതകളും സമ്മർദങ്ങളും ശക്തമായതിനൊപ്പം ഗ്രൂപ്യോഗ വിവാദങ്ങളുടെ അലയൊലിയും. ഭാരവാഹി നിയമനത്തിന് ശിപാർശകളും നിർദേശങ്ങളുമായി ഗ്രൂപ്തിരിഞ്ഞും അല്ലാതെയുമാണ് നേതാക്കൾ രംഗത്തിറങ്ങിയിട്ടുള്ളത്.
അതിനിടെയാണ് കഴിഞ്ഞദിവസം സംസ്ഥാന നേതാക്കളുമായി സംഘങ്ങളായി നടന്ന കൂടിക്കാഴ്ച വിവാദങ്ങൾക്കും കാരണമായത്. തലസ്ഥാനജില്ലയിലെ ഒരു സംഘം നേതാക്കൾ പ്രതിപക്ഷനേതാവിനെ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിൽ സന്ദർശിച്ചതാണ് വിവാദമായത്. കൂടിക്കാഴ്ചയെ ഗ്രൂപ്യോഗമായി ചിത്രീകരിച്ചത് പ്രതിപക്ഷനേതാവിനെ പ്രകോപിതനാക്കുകയും ചെയ്തു. പുനഃസംഘടന പശ്ചാത്തലത്തിൽ എ ഗ്രൂപ്പിലെ പ്രമുഖരായ എം.എം. ഹസൻ, കെ.സി. ജോസഫ്, കെ. ബാബു, പി.സി. വിഷ്ണുനാഥ്, ബെന്നി ബഹ്നാൻ തുടങ്ങിയവർ കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും സന്ദർശിച്ചിരുന്നു.
ബ്ലോക്ക് പ്രസിഡന്റുമാരെ കൂട്ടത്തോടെ മാറ്റുന്നത് പാർട്ടിക്ക് ഗുണകരമാവില്ലെന്ന ഗ്രൂപ്വികാരം ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച. ഐ പക്ഷത്തെ ചില പ്രമുഖരും കെ.പി.സി.സി പ്രസിഡന്റിനെ കണ്ടു. എന്നാൽ, പാർട്ടിയിൽ വ്യത്യസ്ത ഗ്രൂപ്പുകളിലുള്ള തിരുവനന്തപുരം ജില്ലയിലെ ചില നേതാക്കൾ പ്രതിപക്ഷനേതാവുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദത്തിലായത്. പ്രതിപക്ഷനേതാവിനെ സന്ദർശിക്കും മുമ്പ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർ കന്റോൺമെന്റ് ഹൗസിലെത്തിയപ്പോൾ സ്വകാര്യ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവിനെ ക്ഷണിക്കാൻ സംഘടനാചുമതലയുള്ള കെ.പി.സി.സി ജന.സെക്രട്ടറി ടി.യു. രാധാകൃഷ്ണനും അവിടെയെത്തി.
ഇതോടെ, ഗ്രൂപ് യോഗമെന്ന വിവരത്തെതുടർന്ന് അതിനെപ്പറ്റി അന്വേഷിക്കാൻ രാധാകൃഷ്ണനെ കെ.പി.സി.സി പ്രസിഡന്റ് അയക്കുകയായിരുെന്നന്നതരത്തിൽ പ്രചാരണം ഉയർന്നു. ഇതിനുപിന്നാലെ, ശനിയാഴ്ച രാവിലെ തലസ്ഥാന ജില്ലയിലെ മറ്റ് ചില നേതാക്കൾ കെ.പി.സി.സി പ്രസിഡന്റിനെ കാണാൻ പേട്ടയിലെ വസതിയിലെത്തിയെങ്കിലും പുതിയ വിവാദ പശ്ചാത്തലത്തിൽ അവരെ കാണാൻ അദ്ദേഹം കൂട്ടാക്കിയില്ല. പകരം കെ.പി.സി.സി ആസ്ഥാനത്ത് കാണാമെന്നറിയിച്ച് മടക്കുകയായിരുന്നു. ഇവരിൽ ചിലർ പിന്നീട് കെ.പി.സി.സി ആസ്ഥാനത്തെത്തി പ്രസിഡന്റുമായി ചർച്ച നടത്തി.
അതിനിടെ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക അടുത്തയാഴ്ച ആദ്യം പ്രഖ്യാപിക്കാനാണ് ഇപ്പോഴത്തെ ശ്രമം. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10.30ന് പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറി താരീഖ് അന്‍വര്‍, റിട്ടേണിങ് ഓഫിസര്‍ ജി. പരമേശ്വര തുടങ്ങിയവര്‍ പങ്കെടുക്കും.
ഗ്രൂപ്പുമായി നടക്കുന്നത് ഒരു പണിയുമില്ലാത്തവർ -വി.ഡി. സതീശൻ
തിരുവനന്തപുരം: ഒരു പണിയുമില്ലാത്തവരാണ് പാർട്ടിയിൽ ഗ്രൂപ്പുമായി നടക്കുന്നതെന്നും തനിക്ക് വേറെ പണിയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ ഒരു ഗ്രൂപ്പിലുമില്ല. സി.പി.എമ്മിനും സംസ്ഥാന സർക്കാറിനുമെതിരെ യു.ഡി.എഫ് ശക്തമായി നീങ്ങുന്നതിനിടെ, പിന്നിൽനിന്ന് വലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ വസതിയിൽ ഗ്രൂപ് യോഗം ചേർന്നെന്ന പ്രചാരണം. ഈ വാർത്ത എവിടെ നിന്നാണെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിയിൽ പുനഃസംഘടന നടക്കുമ്പോൾ നേതാക്കൾ വന്നുകാണും. കഴിഞ്ഞദിവസം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ നേതാക്കൾ വന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരായ കെ.സി. ജോസഫിന്റെയും എം.എം. ഹസന്റെയും നേതൃത്വത്തിൽ ഒരുസംഘം നേതാക്കളും വന്നിരുന്നു. അവരെല്ലാം കെ.പി.സി.സി പ്രസിഡന്റിനെയും കണ്ടിരുന്നു. രമേശ് ചെന്നിത്തലയുടെ അടുത്ത സഹപ്രവർത്തകർ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും താൻ സ്ഥലത്തില്ലാതിരുന്നതിനാൽ നടന്നില്ല. അങ്ങനെ നോക്കിയാൽ എല്ലാ ഗ്രൂപ്പുകാരുടെയും യോഗം തന്റെ ഔദ്യോഗിക വസതിയിൽ നടക്കുന്നുണ്ട്. പക്ഷേ, മുറി അടച്ചുപൂട്ടി ഒരു യോഗവും ഇവിടെയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിള്ളലുണ്ടാക്കാൻ അനുവദിക്കില്ല -സുധാകരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ് യോഗം ചേര്‍ന്നെന്നും അത് പരിശോധിക്കാന്‍ താന്‍ ആളെ വിട്ടെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പരിശോധന നടത്താന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഐക്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നത്. അതില്‍ വിള്ളലുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.