തേക്ക് മോഷണം അറിയിച്ച യുവാവിന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; കൊലപാതകമെന്ന് പൊലീസ്
text_fieldsചക്കരക്കൽ (കണ്ണൂർ): പൊതുവാച്ചേരി കനാലില്‍ കണ്ടെത്തിയ മൃതദേഹം നാലു ദിവസം മുമ്പ് കാണാതായ ചക്കരക്കല്‍ പ്രശാന്തിനിവാസില്‍ പ്രജീഷിേന്റതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരണം കൊലപാതകമാണെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പത്തിന് പൊതുവാച്ചേരി മണിക്കിയിൽ അമ്പലത്തിന് സമീപം കരുണൻ പീടികക്ക് മുന്നിലുള്ള കനാലിലെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് കാരണം മോഷണവിവരം പൊലീസിനെ അറിയിച്ചതാണെന്നാണ് സൂചന.
താഴെ മൗവ്വഞ്ചേരിയില്‍ പ്രവൃത്തി നടക്കുന്ന വീട്ടിൽനിന്ന് നാല് ലക്ഷം രൂപയുടെ തേക്ക് മരം മോഷണം പോവുകയും ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒമ്പതിന് മിടാവിലോട് കൊല്ലറേത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂർ (43), പൊതാവാച്ചേരി മാക്കുന്നത്ത് ഹൗസിൽ എ. റിയാസ് (36) എന്നിവർ
അറസ്റ്റിലാവുകയും ചെയ്തിരുന്നു. റിമാൻഡിലായ പ്രതികള്‍ പിന്നീട് പുറത്തിറങ്ങി. മോഷണം അധികൃതരെ അറിയിച്ചത് പ്രജീഷാണെന്നും ഇയാളുടെ ജീവന് ഭീഷണിയുണ്ടായിരുന്നതായും നാട്ടുകാരും ബന്ധുക്കളും പറയുന്നു.
നാലു ദിവസം മുമ്പാണ് പ്രജീഷിനെ കാണാതാവുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ഇതിനിടയിലാണ് പ്രജീഷിേന്റതെന്ന് സംശയിക്കുന്ന ചെരുപ്പുകള്‍ ചക്കരക്കല്‍കുട്ടി കുന്നിലെ ആളൊഴിഞ്ഞ പറമ്പില്‍നിന്നും കിട്ടിയത്. ഡോഗ് സ്‌ക്വാഡും പൊലീസും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിങ്കളാഴ്‌ച രാവിലെ പൊതുവാച്ചേരി കരുണൻ പീടികക്ക് സമീപം കനാലില്‍നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
ചക്കരക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ ഫോറൻസിക് യൂനിറ്റ് ഓഫിസർ പി. ശ്രീജയുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.
കണ്ണൂർ ഫയർഫോഴ്സ് യൂനിറ്റ് എ.എസ്.പി ഉണ്ണികൃഷ്ണൻ, ജൂനിയർ ഫയർ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ കെ. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തടുത്തത്.
സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജസ്റ്റിൻ ജോസഫ്, ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, ചക്കരക്കൽ സി.ഐ സത്യനാഥൻ, എടക്കാട് സി.ഐ എം. അനിൽകുമാർ, എസ്.ഐ മഹേഷ് കണ്ടമ്പേത്ത് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രജീഷിന്‍റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യുമെന്നും ചക്കരക്കല്‍ സി.ഐ അറിയിച്ചു.
ചക്കരക്കൽ പ്രശാന്തി നിവാസിൽ ശങ്കര വാര്യർ - സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങൾ: പ്രവീൺ, പ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.