പൊലീസിൽ പൊളിഞ്ഞ ‘കാമറ’ മോട്ടോർവാഹന വകുപ്പിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസിൽ നടപ്പാക്കി പൊളിഞ്ഞ യൂനിഫോമിലെ കാമറ പരീക്ഷണം മോട്ടോർവാഹന വകുപ്പിലേക്ക്. ഉപയോഗിക്കാത്ത കാമറകൾ പൊലീസിന്റെ വിവിധ യൂനിറ്റുകളിൽ പൊടിപിടിച്ച് കിടക്കുമ്പോഴാണ് മോട്ടോർവാഹന വകുപ്പിന്റെ സമാന നീക്കം.
വാഹന പരിശോധനക്ക് നിയോഗിക്കപ്പെടുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കായി 89 ലക്ഷം മുടക്കി യൂനിഫോമിൽ ഘടിപ്പിക്കുന്ന 356 കാമറകൾ വാങ്ങാനാണ് മോട്ടോർവാഹന വകുപ്പിന്റെ തീരുമാനം. ഒരെണ്ണത്തിന് 25,000 രൂപയാണ് വില. ഗതാഗതവകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കി.
വകുപ്പിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിതെന്നാണ് വിശദീകരണം. ജോലിഭാരം കുറയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംഘടനകൾ പിന്തുണക്കുന്നത്.
ഒരു കോടി രൂപ ചെലവിട്ട് സംസ്ഥാന പൊലീസ് സേന വാങ്ങിയ 310 ബോഡി കാമറകൾ ഒരുമാസം പോലും ഉപയോഗിക്കാതെയാണ് ഉപേക്ഷിച്ചത്. അമിതമായി ചൂടാകുന്നുവെന്നാണ് കാരണം പറഞ്ഞത്. പൊലീസ് അഭിമുഖീകരിച്ച പ്രശ്നങ്ങളോ കാമറ ഉപേക്ഷിക്കാനുണ്ടായ കാരണങ്ങളോ പഠിക്കാതെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.
വാഹന പരിശോധനക്കിടെ പൊതുജനങ്ങളുമായി നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് കാമറക്കായി സംഘടനകൾ ആവശ്യമുയർത്തിയത്. നിലവിൽ ഉദ്യോഗസ്ഥർ മൊബൈൽ ഫോണിലാണ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്. ഇത് പലപ്പോഴും സംഘർഷത്തിന് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.