കരുവാറ്റ ഗ്രാമപഞ്ചായത്ത് കെട്ടിടം പൊളിച്ച നടപടി വിവാദത്തിൽ
text_fieldsഹരിപ്പാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അരമീറ്റർ മാത്രം പൊളിക്കാൻ നിർദേശിച്ച കരുവാറ്റ ഗ്രാമപഞ്ചായത്ത് കെട്ടിടം ഉപയോഗശൂന്യമാകുംവിധം പൊളിച്ചടുക്കിയ നടപടി വിവാദത്തിൽ. പൊളിച്ച കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് വകുപ്പ്തല അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
ഗുരുതര ചട്ടലംഘനവും അഴിമതിയുമാണ് പഞ്ചായത്ത് ഓഫിസ് പൊളിച്ച നടപടിയിലുണ്ടായതെന്നാണ് ആരോപണം. ദേശീയപാത വികസനത്തിനായി അക്വയർ ചെയ്ത സ്ഥലത്ത് കെട്ടിടത്തിന്‍റെ വടക്കുകിഴക്കേ മൂലയോട് ചേർന്ന 60 സെൻറീമീറ്റർ ഭാഗം മാത്രമാണ് ഉൾപ്പെട്ടിരുന്നത്.
ഈ ഭാഗം മാത്രം പൊളിച്ച് ശേഷിക്കുന്ന ഭാഗം നിലനിർത്താൻ കഴിയുമായിരുന്നിട്ടും അതിനുശ്രമിക്കാതെ കെട്ടിടത്തിന്‍റെ സിംഹഭാഗവും പൊളിച്ചു നീക്കി. പൊളിക്കുന്ന സമയത്ത് പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ യു.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് ഭരണസമിതിയെയും തദ്ദേശ വകുപ്പ് ജോയന്‍റ് ഡയറക്ടറെയും ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
തുടർന്ന് യു.ഡി.എഫ് പ്രവർത്തകനായ കരുവാറ്റ ബംഗ്ലാവിൽ ഷരീഫ് പഞ്ചായത്ത് ഡയറക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഡി.ഡി.പിയോട് അന്വേഷണത്തിന് ഉത്തരവിട്ട് കെട്ടിടം പൊളിക്കൽ തടയുകയായിരുന്നു. ബന്ധപ്പെട്ടവരുടെ നടപടി ഉണ്ടായപ്പോഴേക്കും കെട്ടിടത്തിന്‍റെ നല്ലൊരു ഭാഗവും പൊളിച്ചുനീക്കി.
സ്വകാര്യ സ്വത്ത് കണക്കെയാണ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നടത്തിയതെന്നാണ് യു.ഡി.എഫ് ആരോപണം. പുനരുപയോഗത്തിന് പറ്റുന്ന കെട്ടിടത്തിൽ പൊളിച്ച ഭാഗത്തെ ജനലുകളും കട്ടിളയും കതകും അടക്കമുള്ള സാധന സാമഗ്രികൾ തുച്ഛവിലയ്ക്ക് വിറ്റതിലും അഴിമതിയുണ്ടെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
എന്നാൽ, കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ദേശീയപാത അതോറിറ്റി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം ചെയ്തതെന്നും ചട്ടങ്ങൾ കൃത്യമായി പാലിക്കാൻ ഇതുമൂലം കഴിഞ്ഞില്ലെന്നുമാണ് അന്വേഷണ സംഘത്തിന് മുമ്പാകെ സെക്രട്ടറി നൽകിയ വിശദീകരണം.
ഈ മറുപടി അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പുറത്തിറക്കിയ റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നു.കെട്ടിടം പൊളിക്കാൻ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഉണ്ടെന്ന സെക്രട്ടറിയുടെ വാദവും പൊള്ളയാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. കഴിഞ്ഞവർഷം നവംബർ 14ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ കെട്ടിടം പൊളിക്കുന്ന കാര്യങ്ങൾക്ക് സബ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
ആദ്യയോഗം നവംബർ 26നാണ് കൂടിയത്. എന്നാൽ, യോഗത്തിന് മുമ്പ് തന്നെ കെട്ടിടം പൊളി ആരംഭിച്ചതായും ആക്ഷേപമുണ്ട്. സബ് കമ്മിറ്റി എടുത്ത തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിന് നവംബർ 30ന് പഞ്ചായത്ത് കമ്മിറ്റി കൂടിയെങ്കിലും അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈ വിഷയം ചർച്ച ചെയ്തില്ല.
നവംബർ 25 ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്സിൽ കെട്ടിടം പൊളിസംബന്ധിച്ച തീരുമാനം സെക്രട്ടറി വ്യാജമായി എഴുതി ചേർത്തെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 23ന് പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസും യു.ഡി.എഫ് അംഗങ്ങളും ചേർന്ന് ഉപരോധിച്ചിരുന്നു. എന്നാൽ, പ്രശ്നം നിയമപരമായി നേരിടാനാണ് യു.ഡി.എഫ് തീരുമാനം. കെട്ടിടം പൂർണമായും ഉപയോഗ ശൂന്യമായതോടെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.