ബ്രിട്ടീഷ് പതാക താഴ്ത്തി, ത്രിവർണ പതാക ഉയർത്തിയ മൈതാനം അവഗണനയിൽ
text_fieldsഫോർട്ട്കൊച്ചി : ഇന്ത്യൻ സ്വാതന്ത്ര പ്രഖ്യാപനത്തിന്റെ ആഹ്ലാദവുമായി ബ്രിട്ടന്റെ യൂനിയൻ ജാക്ക് പതാക ഇറക്കി ത്രിവർണ പതാക വാനിലേക്ക് ഉയർത്തിയതിന് ആയിരങ്ങൾ സാക്ഷിയായ പരേഡ് മൈതാനം അവഗണനയുടെ പടുകുഴിയിൽ.
ലോകത്ത് തന്നെ നാല് രാജ്യങ്ങളുടെ സൈനീക പരേഡിന് വേദിയായ ഏക മൈതാനമാണ് നാലേക്കർ വിസ്തൃതിയിലുള്ള ബാരക്ക് മൈതാനിയെന്നറിയപ്പെടുന്ന പരേഡ് ഗ്രൗണ്ട്.
പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടിഷ് അധിനിവേശ ശക്തികൾ പട്ടാള പരിശീലനം നടത്തി തങ്ങളുടെ രാജ്യത്തിന്റെ കൊടി പാറിച്ചിരുന്ന മൈതാനം രാജ്യം സ്വതന്ത്രമായതോടെ ഏറെ നാൾ ഇന്ത്യൻ നാവിക സേനയുടെ പരിശീലന മൈതാനവുമായിരുന്നു. ബ്രീട്ടിഷ് പിന്മാറ്റ പ്രഖ്യാപനം കേട്ട് ഉത്സാഹഭരിതരായ ജനങ്ങൾ 1947 ആഗസ്റ്റ് 14ന് അർദ്ധരാത്രി തന്നെ അവരുടെ പതാക താഴ്ത്തിയിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. തുടർന്ന് ആഗസ്റ്റ് 15ന് രാവിലെ സ്വാതന്ത്ര സമര സേനാനിയും ഫോർട്ട്കൊച്ചി മുൻസിപ്പൽ ചെയർമാനുമായിരുന്ന കെ.ജെ. ബെർളിയാണ് ദേശീയ പതാക ഉയർത്തിയത്.
2017ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ പരിശീലന മൈതാനം, രഞ്ജി ട്രോഫിയടക്കമുള്ള ക്രിക്കറ്റ് മത്സരങ്ങൾ, ദേശീയ ഹോക്കി, ഫുട്ബാൾ, സോഫ്റ്റ് ബാൾ മത്സരങ്ങൾ എന്നിവക്ക് വേദിയായ മൈതാനത്തിന്റെ ഇന്നത്തെ അവസ്ഥ ഏറെ ശോചനീയമാണ്. റവന്യൂ വകുപ്പിന് കീഴിലുള്ള മൈതാനം കായിക സജ്ജമാക്കണമെന്നാണ് കായിക പ്രേമികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.