സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലും ജനകീയ ബദൽ –മുഖ്യമന്ത്രി
text_fieldsകണ്ണൂർ: ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലകളില്‍ നടപ്പിലാക്കിയതിനു സമാനമായ ജനകീയ ബദലുകളാണ് ഉന്നത വിദ്യാഭ്യാസമേഖലയിലും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി, ധര്‍മശാല കാമ്പസുകളിലെ അക്കാദമിക് ബ്ലോക്ക്, ട്രൈബല്‍ ഹോസ്റ്റല്‍, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിെൻറ പൊതു വിദ്യാഭ്യാസരംഗം ഇത്തരത്തില്‍ ലോക ശ്രദ്ധയാർജിച്ചു നില്ക്കുമ്പോള് നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്ത് അതിന് ആനുപാതികമായ നേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ലോക റാങ്കിങ്ങുകളില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് സാധിക്കുന്നില്ല. പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ചതിന് സമാനമായ മുന്നേറ്റം ഉന്നതവിദ്യാഭ്യാസ രംഗത്തും നേടിയെടുക്കാന്‍ നമുക്ക് സാധിക്കണം.
ആ മുന്നേറ്റത്തില്‍ വ്യക്തികളോ പ്രദേശങ്ങളോ പുറംതള്ളപ്പെട്ടുപോകരുതെന്ന നിര്‍ബന്ധം സര്‍ക്കാറിനുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള യജ്ഞത്തില്‍ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. ധര്‍മശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.വി. ഗോവിന്ദന് ശിലാഫലകം അനാച്ഛാദനം ചെയ്തു. എം. വിജിന് എം.എല്‍.എ ഹോസ്റ്റല്‍ കെട്ടിടത്തിെൻറ താക്കോല്‍ കാമ്പസ് ഡയറക്ടര്‍ ഡോ. വി.എ. വില്‍സണ്‍ കൈമാറി. വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്, ജോണ്‍ ബ്രിട്ടാസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.