നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവെപ്പാകും - മുഖ്യമന്ത്രി
text_fieldsകൊച്ചി: എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്ത് പുത്തന്‍ ചുവടുവയ്പ്പാകും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാര്‍ക്കറ്റ് സമുച്ചയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം മാര്‍ക്കറ്റ് കോംപ്ലക്‌സ് ഉദ്ഘാടനവും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
2022 ലാണ് വാണിജ്യ സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. വ്യാപാര സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും താല്‍പര്യം മുന്‍നിര്‍ത്തി ഒരു ദിവസം പോലും മുടങ്ങാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നാടിന്റെ വികസന കാര്യങ്ങളില്‍ എല്ലാവരും കൈകോര്‍ത്തു. കെട്ടിടം പണിയുക എന്നത് അത്ര എളുപ്പമല്ല. കച്ചവടക്കാര്‍ വിശ്വാസപൂര്‍വം സഹകരിച്ചു. അതുകൊണ്ടുതന്നെ നിര്‍മാണം സമയബന്ധിതമായി തീര്‍ക്കാന്‍ സാധിച്ചതും മാതൃകാപരമാണ്. ഇവിടെ മാത്രമല്ല, എല്ലായിടത്തും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്ന നയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.
ആകെ നാല് നിലകളിലായി രണ്ടു ലക്ഷത്തോളം ചതുരശ്ര അടിയിലാണ് മാര്‍ക്കറ്റ് കോംപ്ലക്‌സ് ഒരുക്കിയിരിക്കുന്നത്. 73 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. മൂന്നു നിലകളിലായി 275 ഷോപ്പുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഒരു നിലയില്‍ ഫുഡ് കോര്‍ട്ടിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഴയ മാര്‍ക്കറ്റ് നിലനിന്നിരുന്ന 1.63 ഏക്കര്‍ സ്ഥലത്താണ് പുതിയ കോംപ്ലക്‌സ് ഒരുക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുങ്ങുകയാണ്.
25 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ 120 കാറുകളും 100 ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാകും. ഇത്തരം നിര്‍മ്മാണങ്ങള്‍ സുസ്ഥിരവും പ്രകൃതിസൗഹൃദവും ആയിരിക്കണം എന്നതാണ് സര്‍ക്കാരിന്റെ നയം. അതുകൊണ്ടുതന്നെ ഈ സമുച്ചയത്തില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് 40 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലുകള്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ക്കറ്റ് നിര്‍മാണ ചിലവിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരും 50 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിച്ചത്. സഹകരണാത്മക ഫെഡറലിസത്തിന്റെ മികച്ച മാതൃകയായി മാറുകയാണ് വാണിജ്യ സമുച്ചയം.
കൊച്ചി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയിലാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പാക്കുകയാണ്. 43 പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 44 പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെയും പശ്ചിമ കൊച്ചിയിലെയും റോഡുകള്‍ ഉന്നത നിലവാരമുള്ളവയാക്കി മാറ്റുകയാണ്.
നടപ്പാതകള്‍, സൈക്ലിംഗ് ലെയ്‌നുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇതിനോടകം പല റോഡുകളും നവീകരണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. നഗരത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി 446 സിസി ടിവി ക്യാമറകളും, ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി 104 ക്യാമറകളും സ്ഥാപിച്ചു .
പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെ നവീകരിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണ്. ഫോര്‍ട്ട് കൊച്ചി ബീച്ച്, വാസ്‌കോഡഗാമ സ്‌ക്വയര്‍, നെഹ്‌റു പാര്‍ക്ക്, ഡച്ച് പാലസ്, ജയില്‍ മ്യൂസിയം, ജ്യൂ സ്ട്രീറ്റ് എന്നിവ നവീകരിച്ചിട്ടുണ്ട്. മറൈന്‍ ഡ്രൈവ് നടപ്പാതയുടെ നവീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണ രംഗത്തും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. എറണാകുളം എം.പി ഹൈബി ഈഡന്‍, എം.എല്‍എ.മാരായ ടി.ജെ. വിനോദ്, ഉമാ തോമസ്, കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍, ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, ഡെപ്യൂട്ടി മേയര്‍ കെ.എ. ആന്‍സിയ, സി.എസ്.എം.എല്‍ സി.ഇ.ഒ ഷാജി വി. നായര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, സിറ്റി പോലീസ് കമീഷണര്‍ പുട്ട വിമലാദിത്യ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.