ആദിവാസി ഭൂമിയുടെ സർവേ പൂർത്തിയായതിനു ശേഷമേ അട്ടപ്പാടിയിൽ ഡിജിറ്റൽ സർവേ നടത്താവൂയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഡിജിറ്റൽ സർവേ അട്ടപ്പാടിയിലെ ആദിവാസി ഭൂമിയുടെ സർവേ പൂർത്തിയായതിനു ശേഷം മാത്രമേ നടത്താവൂയെന്ന് പട്ടികവർഗ വകുപ്പിന്റെ റിപ്പോർട്ട്. അല്ലാത്തപക്ഷം തലമുറകളായി അനുഭവിച്ചു വന്നിരുന്ന ഭൂമി തെളിവുകളില്ല എന്ന കാരണത്താൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അട്ടപ്പാടിയിൽ ആദിവാസി ഭൂമി വ്യാജരേഖ നിർമിച്ച് കൈയേറുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ആദിവാസി മഹാസഭ കൺവീനർ ടി.ആർ. ചന്ദ്രൻ അടക്കമുള്ള ആദിവാസികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നൽകിയ പരാതിന്മേലാണ് പട്ടികവർഗ വകുപ്പ് അന്വേഷണം നടത്തിയത്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ. ഇതിനായി റവന്യൂ, വനം, പട്ടിവർഗം, നിയമം, തദ്ദേശ സ്വയംഭരണം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെട്ട ഉന്നതല സംഘത്തെ നിയോഗിക്കണമെന്നാണ് നിർദേശം.
പട്ടികവർഗക്കാരുമായി തർക്കമുളള എല്ലാ ഭൂമിയുടേയും ആധാരങ്ങൾ, പട്ടയങ്ങളുടെ ആധികാരികത, വിശ്വസ്തതത എന്നിവ ഉറപ്പുവരുത്തുന്ന രീതിയിൽ നിർബന്ധമായും പരിശോധിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. 1961-64 കാലഘട്ടങ്ങളിൽ തയാറാക്കിയിട്ടുളള സർവേ സെറ്റിൽമെൻറ് രജിസ്റ്റർ, പ്രായം ചെന്ന ഊരുനിവാസികളുടെ വായ് മൊഴി, 1932 ൽ ഐ.ടി.ഡി.പി. വഴി നടത്തിയ സർവേ, മറ്റ് സർക്കാർ രേഖകൾ, കോടതി ഉത്തരവുകൾ, പട്ടികവർഗക്കാരുടെ നിർമിതികൾ എന്നിവ അടിസ്ഥാനമാക്കി അട്ടപ്പാടിയിലെ ഭൂമി സർവേ നടത്തുന്നതിന് പ്രത്യേക സർവേ സംഘത്തെ നിയോഗിക്കണം. ആദിവാസി ഭൂമി പൂർണമായും സർവേ നടത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
അട്ടപ്പാടിയിലെ മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം ഊരുകളിലെ ആദിവാസികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകിയതിനെ തുർന്നാണ് പാട്ടിവർഗ വകുപ്പ് പ്രാഥമിക അന്വേഷണത്തിന് സംഘത്തെ അട്ടപ്പാടിയിലേക്ക് അയച്ചത്. ടി.ആർ.ഡി.എം ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ്.ബാബു, അട്ടപ്പാടി പ്രോജക്ട് ഓഫിസർ വി.കെ. സുരേഷ് കുമാർ, ഐ.ടി.ഡി.പി അസി.എഞ്ചിനീയർ നിഖിൽ കെ. ബേബി, പുനലൂർ ടി.ഡി.ഒ ടി. പ്രവീൺ എന്നിവരാണ് അന്വേഷണം നടത്തിയത്. ഒക്ടോബർ 19, 20, 21 തീയതികളിലാണ് സംഘം അട്ടപ്പാടിയിൽ തെളിവെടുപ്പ് നടത്തിയത്.
കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസികൾ നേരത്തെ നിയമസഭ സ്പീക്കർ ഷംസീറിനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും നിവേദനം നൽകിയിരുന്നു. അതിലൊന്നും അന്വേഷണം ഉണ്ടായില്ല. റവന്യൂ മന്ത്രി കെ. രാജനെ തൃശൂരിലെ ഓഫിസിലെത്തി നേരിട്ട് കണ്ട് ആദിവാസികൾ പരാതി നൽകിയിരുന്നു. പാലക്കാട് കലക്ടർ അന്വേഷിക്കുമെന്ന് മന്ത്രി കെ.രാജൻ ഉറപ്പ് നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.
നിയമസഭയിൽ കെ.കെ. രമ എം.എൽ.എ സബ് മിഷൻ അവതരിപ്പിച്ചപ്പോൾ അസി. ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ മധ്യമേഖല റവന്യൂ വിജിലൻസ് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റവന്യൂ വിജിലൻസിന്റെ അന്വേഷണം ഗായിക നഞ്ചിയമ്മയുടെ ഭൂമിയുടെ കേസിൽ ഒതുങ്ങി. മറ്റെല്ലാം പരാതികളും വില്ലേജ് ഓഫിസർക്ക് കൈമാറി. റിപ്പോർട്ട് സർക്കാരിന് കൈമാറി. അതേസമയം, സി.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടത് പ്രകാരം റിസർവേ നടത്തുന്നതിന് നിർദേശം നൽകിയിരിക്കുകയാണ് മന്ത്രി കെ. രാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.