240 സ്കൂൾ കേന്ദ്രങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ വരുന്നു
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍) സ്ഥാപിക്കുന്നു.
പദ്ധതിയുടെ പേര് 'കേരള സ്കൂള്‍ വെതര്‍ സ്റ്റേഷൻ'എന്നായിരിക്കും. ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (ദിനാവസ്ഥ) മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡേറ്റകള്‍ തയാറാക്കുന്നതിനും ഇതിലൂടെ സാധിക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായ വെതര്‍ സ്റ്റേഷനുകളുടെ നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാകുകയാണ്. സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളില്‍ 'ജ്യോഗ്രഫി' മുഖ്യവിഷയമായ 240 സ്കൂൾ കേന്ദ്രങ്ങളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ആരംഭിച്ചിട്ടുള്ളത്.
ഒരുപക്ഷേ ഇന്ത്യയില്‍ ആദ്യമായാകും ഇത്തരമൊരു പരിപാടി. മഴയുടെ തോത് അളക്കുന്നതിനുള്ള 'മഴമാപിനി', അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെര്‍മോമീറ്ററുകള്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള വെറ്റ് ആര്‍ ഡ്രൈ ബള്‍ബ് തെര്‍മോമീറ്റർ, കാറ്റിന്‍റെ ദിശ അറിയുന്നതിനായുള്ള വിന്‍ഡ് വെയ്ൻ, കാറ്റിന്‍റെ വേഗം നിശ്ചയിക്കുന്ന കപ്പ് കൗണ്ടര്‍ അനിമോമീറ്റർ തുടങ്ങി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളില്‍ ഉപയോഗിച്ചുവരുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ തന്നെയാണ് സ്കൂൾ വെതര്‍ സ്റ്റേഷനുകളിലും ഉപയോഗിക്കുന്നത്.
പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ ദിനാവസ്ഥ സാഹചര്യവും കാലാവസ്ഥവ്യതിയാനവും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഇത്തരം സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി), കോഴിക്കോട് ആസ്ഥാനമായ സി.ഡബ്ല്യു.ആർ.ഡി.എം, കേരള ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങളും സഹകരണങ്ങളും വെതര്‍ സ്റ്റേഷനുകള്‍ക്ക് ലഭിക്കുന്നുണ്ട്. സ്കൂള്‍ വെതര്‍ സ്റ്റേഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 11ന് കൊല്ലം കടയ്ക്കല്‍ വയലാ വാസുദേവന്‍ പിള്ള മെമ്മോറിയല്‍ ഗവ. എച്ച്.എസ്.എസില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.