അഭിനുവിൻെറ പുസ്തകങ്ങള്‍ക്ക് മേല്‍ക്കൂരയായി ഇനി അക്ഷരവീടൊരുങ്ങും
text_fieldsകല്പറ്റ: സ്വപ്നങ്ങളില്‍ അഭിനു കണ്ടത് കാറ്റും മഴയും തട്ടാതെ തെൻറ ഏക സമ്പാദ്യമായ രണ്ടായിരത്തിലേറെ പുസ്തകങ്ങള്‍ കാത്തുവെക്കാന് ഉറപ്പുള്ളൊരു മേല്‍ക്കൂരയായിരുന്നു. വയനാട്ടിലെ കണിയാമ്പറ്റ ഗ്രാമത്തിെൻറ നന്മയൂറിയ മണ്ണില്‍ അഭിനുവിെൻറ സ്വപ്നത്തിന് അടിത്തറയായി. മലയാളത്തിലെ മൂന്നാമത്തെ അക്ഷരമായ ‘ഇ’ എന്ന വിലാസത്തില്‍ അഭിനുവിനും കലാകാരനായ അച്ഛന് അജികുമാര്‍ പനമരത്തിനുമായി സാംസ്കാരിക കേരളം സമര്‍പ്പിക്കുന്ന അക്ഷരവീടിന് ശിലാസ്ഥാപനമായി. 30ാം വാര്‍ഷികമാഘോഷിക്കുന്ന ‘മാധ്യമം’ ദിനപത്രവും മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും പ്രമുഖ വ്യവസായ സംരംഭമായ യു.എ.ഇ എക്സ്ചേ ഞ്ച് എൻ.എം.സി ഗ്രൂപ്പും ചേര്‍ന്നാണ് അക്ഷരവീട് ഒരുക്കുന്നത്. പ്രമുഖ ആര്‍ക്കിടെക്റ്റ് ജി. ശങ്കറിെൻറ നേതൃത്വത്തില്‍ ഹാബിറ്റാറ്റാണ് വീടുകള്‍ രൂപകല്പന ചെയ്യുന്നത്.
ഭവനരഹിതരില്ലാത്ത കേരളം വിഭാവനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന ‘ലൈഫ്’ പദ്ധതിക്ക് കരുത്തേകുന്ന സംരംഭമാണ് അക്ഷരവീട് എന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച സി.കെ. ശശീന്ദ്രന് എം.എൽ.എ പറഞ്ഞു. വീടില്ലാത്ത ആരുമുണ്ടാകരുതെന്നാണ് സര്‍ക്കാറിെൻറ നയം. ആ നയത്തിനു കിട്ടിയ പിന്തുണയാണ് അക്ഷരവീട്. കേരളത്തിെൻറ മതനിരപേക്ഷതയും സൗഹൃദവും മുറുകെ പിടിക്കുന്ന ആശയമാണിത്. മലയാള ഭാഷക്കും സമൂഹത്തിനും മുതല്‍ക്കൂട്ടായി പദ്ധതി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിെൻറ പ്രതിഭകള്‍ക്ക് അര്‍പ്പിക്കുന്ന ആദരമാണ് അക്ഷരവീടുകളെന്ന് അധ്യക്ഷത വഹിച്ച മാധ്യമം മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ കെ. മുഹമ്മദ് റഫീഖ് വ്യക്തമാക്കി. പണമുള്ളവെൻറ ഒൗദാര്യമല്ല ഉത്തരവാദിത്തമാണ് പദ്ധതിയെന്ന് യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷന്‍സ് അസോ. ഡയറക്ടര്‍ മൊയ്തീന് കോയ അഭിപ്രായപ്പെട്ടു. ആരും കാണാതിരിക്കാന്‍ സങ്കടങ്ങളുടെ മഴ നനയുന്നവരുടെ കണ്ണീരു തുടക്കാനുള്ള ഉദ്യമമെന്ന് മാധ്യമം എഡിറ്റോറിയല്‍ റിലേഷന്‍സ് ഡയറക്ടറും കഥാകൃത്തുമായ പി.കെ. പാറക്കടവ് ചൂണ്ടിക്കാട്ടി.
വാടകവീട്ടിലും രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ലെന്‍ഡിങ് ലൈബ്രറി നടത്തിയതിന് രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ കലാകാരിയാണ് അഭിനു, വര്‍ഷങ്ങളായി കവിതയും പാട്ടുമായി കഴിയുന്ന അജിത്തിെൻറ മകൾ. ശിലാസ്ഥാപന കര്‍മത്തില്‍ ‘അമ്മ’ പ്രതിനിധിയായി നടന് അബു സലീം, ജില്ല പഞ്ചായത്ത് വൈ. പ്രസിഡൻറ് പി.കെ. അസ്മത്ത്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടവന്‍ ഹംസ, വൈ. പ്രസിഡൻറ് ഷീലാ രാമദാസ്, അംഗം സരിത, യു.എ.ഇ എക്സ്ചേഞ്ച് നോര്‍ത്ത് കേരള ഹെഡ് സുനില്‍ പി. ബാബു, ചിക്കല്ലൂര്‍ ക്ഷീരോല്പാദന സഹകരണ സംഘം പ്രസിഡൻറ് കെ. കേശവമാരാർ, ഹാബിറ്റാറ്റ് ഗ്രൂപ് കണ്‍വീനര്‍ ഹുമയൂണ്‍ കബീർ, അജികുമാര്‍ പനമരം തുടങ്ങിയവര്‍ സംസാരിച്ചു. മാധ്യമം പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ടി. ഷൗക്കത്തലി സ്വാഗതവും സീനിയര്‍ റീജനല്‍ മാനേജര്‍ സി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.