ഗൾഫ് യാത്രക്കപ്പൽ: താൽപര്യം പ്രകടിപ്പിച്ച് മൂന്ന് കമ്പനികൾ
text_fieldsതിരുവനന്തപുരം: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവിസിന് താൽപര്യപത്രം സമർപ്പിച്ച് മൂന്ന് കമ്പനികൾ. കോഴിക്കോട് ആസ്ഥാനമായ ജബൽ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായ വൈറ്റ് സീ ഷിപ്പിങ് ലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈയിലെ ഫുൾ അഹെഡ് മറൈൻ ആൻഡ് ഓഫ് ഷോർ എന്നീ കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചത്. ഇവ പരിശോധിച്ച് രണ്ടാഴ്ചക്കകം മാരിടൈം ബോർഡ് തുടർനടപടികളിലേക്ക് കടക്കും.
താൽപര്യപത്രം പരിശോധിച്ച് മൂന്ന് കമ്പനി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. സർവിസ് നടത്തിപ്പിലെ പരിചയം, കേരളത്തിലെ ഏത് തുറമുഖത്തുനിന്നാണ് സർവിസ് നടത്താൻ ഉദ്ദേശിക്കുന്നത്, സർവിസ് നടത്താൻ ലക്ഷ്യമിടുന്ന കപ്പലിന്‍റെ വിശദാംശങ്ങൾ, സർക്കാറിന്‍റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്ന സൗകര്യങ്ങൾ-സംവിധാനങ്ങൾ തുടങ്ങിയ വിവരങ്ങളാണ് മുഖ്യമായും പരിശോധിക്കുക. ഇതിനുശേഷം കൂടുതൽ അനുയോജ്യമായ കമ്പനിയുമായി തുടർചർച്ച നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.
താൽപര്യപത്രം പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. കപ്പൽ സർവിസ് യാഥാർഥ്യമാക്കുന്നതിന് കടമ്പകളേറെയുണ്ട്. മൂന്ന്-നാല് ദിവസത്തെ യാത്ര, അതിന് പ്രവാസികൾ പ്രതീക്ഷിക്കുന്ന കുറഞ്ഞ നിരക്ക്, അനുവദിക്കാവുന്ന ലഗേജ്, ഷിപ്പിങ് കമ്പനികൾ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങൾ സർക്കാറിനും മാരിടൈം ബോർഡിനും പരിഹരിക്കാനാകുന്നതാണോ തുടങ്ങിയ കാര്യങ്ങൾ മുന്നിലുണ്ട്.
ഇവക്കെല്ലാം പരിഹാരം കണ്ട് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു. ആഡംബരക്കപ്പലുകൾ, ചരക്കുകപ്പലുകൾ, യാത്ര-ചരക്കുകപ്പലുകൾ, സ്ഥിരമായും സീസണുകളിലുമുള്ള സർവിസുകൾ, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഷിപ്പിങ് കമ്പനികൾക്ക് താൽപര്യപത്രം സമർപ്പിക്കാനാണ് അവസരം നൽകിയത്. നിശ്ചിത സമയപരിധിക്കകം മൂന്ന് കമ്പനികൾ മുന്നോട്ടുവന്നതുതന്നെ പ്രതീക്ഷ നൽകുന്നതാണെന്നാണ് മാരിടൈം ബോർഡ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.