വീട്ടിനുള്ളിൽ മൂന്നുമാസം പഴക്കമുള്ള മൃതദേഹാവശിഷ്ടം; കൊലപാതക കേസ് പ്രതിയുടേതെന്ന് സംശയം
text_fieldsമാത്തൂർ (പാലക്കാട്): മാത്തൂർ കൂമൻകാട്ടിൽ വീടിനുള്ളിൽ യുവാവിന്‍റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മൂന്നുമാസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 2019ൽ കൂമൻകാട് മൈലപ്പറമ്പിലെ ഓമനയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാത്തൂർ കൂമൻകാട് ഷൈജു താമസിച്ചിരുന്ന വീട്ടിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് ഷൈജുവിന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം.
2019ൽ കുളിക്കാൻ പോകുന്ന വഴിയിൽ ഓമനയെ അയൽവാസിയായ ഷൈജു കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം ഷൈജുവിന്‍റെ വീട്ടിലെ കട്ടിലിനടിയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾ ജയിലിലായി. ഇതിനുശേഷം ഈ വീട് ഉപേക്ഷിച്ച് ഷൈജുവിന്‍റെ മാതാവ് നളിനി മറ്റൊരു മകൻ ബൈജുവിനോടൊപ്പം ചെന്നൈയിലാണ് താമസം.
ഷൈജു ജാമ്യത്തിലിറങ്ങിയ ശേഷം എവിടെയാണെന്നറിയില്ലായിരുന്നു. ചെന്നൈയിൽനിന്ന് കഴിഞ്ഞദിവസം കുത്തനൂരിലെ തന്‍റെ വീട്ടിലെത്തിയ നളിനി മാത്തൂരിലെ വീട് വൃത്തിയാക്കാനെത്തിയപ്പോൾ ഉള്ളിൽനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
തുടർന്ന് ജനാലയിലൂടെ നോക്കിയപ്പോഴാണ് നിലത്ത് അസ്ഥികൂടം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അസ്ഥികൂടത്തിന്‍റെ മുകൾ ഭാഗം കഴുക്കോലിൽ സാരി കെട്ടി അറ്റത്ത് കുടുക്കിട്ട നിലയിലായിരുന്നു.
വസ്ത്രങ്ങളും മറ്റും ഷൈജുവിന്റേതാണെന്ന് നളിനി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഡി.എൻ.എ പരിശോധനയിലേ ഉറപ്പിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ പരിശോധിച്ച ശേഷം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.