ജനുവരിയോടെ മുച്ചക്ര വാഹന ലൈസൻസ് ഇല്ലാതാകും
text_fieldsകുറ്റിപ്പുറം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിൽ മോട്ടോർ വാഹന വകുപ്പ് സമൂലമാറ്റത്തിനൊരുങ്ങുന്നു. വാഹൻ സാരഥി സോഫ്റ്റ് വെയർ വരുന്നതോടെ ജനുവരിയിൽ മുച്ചക്ര വാഹനത്തിനുള്ള ലൈസൻസ് ഇല്ലാതാകും. ലൈറ്റ് മോട്ടോർ വാഹന ലൈസൻസുള്ളവർക്ക് മൂന്ന് ചക്രവും ഓടിക്കാൻ സാധിക്കും. ഹെവി വാഹനങ്ങളുടെ ലൈസൻസ് ഏകീകരിച്ച് ഒന്നാകുന്നതോടെ എല്ലാത്തരം വലിയ വാഹനങ്ങൾക്കും ഒരു ലൈസൻസാകും. വാഹൻ സാരഥി സംവിധാനം പുതുവർഷത്തോടെ കേരളത്തിൽ നടപ്പാക്കും. ഇതിെൻറ മുന്നോടിയായുള്ള ട്രയൽ വിജയകരമായി പൂർത്തിയാക്കി. പുതിയ സംവിധാനം വരുന്നതോടെ വാഹനത്തിെൻറ ദിശ, വേഗത എന്നിവയടക്കമുള്ള വിവരങ്ങൾ ആർ.ടി ഓഫിസുകളിലെ മോണിറ്ററിൽ തെളിയും.
ഉപഗ്രഹ സംവിധാനം ഉൾപ്പെടുത്തിയ വാഹന പരിശോധന നിലവിൽ വരുന്നതോടെ എൻഫോഴ്സ്മെൻറ് സംവിധാനവും കുറ്റമറ്റതാകും. ഓരോ 20 സെക്കൻഡിലും വാഹനത്തിെൻറ വിവരങ്ങൾ ആർ.ടി ഓഫിസിൽ അറിയാൻ സാധിക്കുന്നതോടെ വാഹനം അപകടത്തിൽ പെട്ടാൽ അടിയന്തര സഹായമെത്തിക്കാനാകും. ചെറിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ബാഡ്ജ് കഴിഞ്ഞമാസം മുതൽ നിർത്തലാക്കിയിരുന്നു. മാറ്റങ്ങൾ വരുന്നതോടെ ലേണിങ് പരീക്ഷ, ടെസ്റ്റ് തീയതി എന്നിവയുടെ കാലാവധിയും മറ്റും ഓൺലൈനായി അപേക്ഷകന് തിരുത്താൻ കഴിയും.
രാജ്യത്ത് എവിടെനിന്നും വാഹനം രജിസ്റ്റർ ചെയ്യാനും ലൈസൻസെടുക്കാനും സാധിക്കുന്നതോടെ അഡ്രസ് മാറ്റത്തിനുള്ള നിലവിലെ ഫീസ് ഇല്ലാതാകും. നിലവിൽ അപേക്ഷകെൻറ അഡ്രസുള്ള മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ മാത്രമെ വാഹനം രജിസ്റ്റർ ചെയ്യാനാകൂ. പുതുവർഷത്തോടെ വാഹൻ സാരഥി സോഫ്റ്റ് വെയർ സംസ്ഥാനത്ത് ആരംഭിക്കാനാകുമെന്ന് ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.