ട്വിറ്റർ മേധാവിയുടെ വെളിപ്പെടുത്തൽ കോൺഗ്രസ് ആരോപണങ്ങൾ ശരിവെക്കുന്നത് -കെ.സി വേണുഗോപാൽ
text_fieldsആലുവ: കര്‍ഷക സമരത്തെ പിന്തുണക്കുന്നവരുടെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് മോദി സർക്കാർ ആവശ്യപ്പെട്ടിരുന്നെന്ന ട്വിറ്റര്‍ സഹസ്ഥാപകൻ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തിലൂടെ കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞന്നെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചപ്പോഴും കേന്ദ്രസർക്കാരിന്റെ ഇടപെടലാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയതാണെന്നും വേണുഗോപാൽ പറഞ്ഞു.
മോദിക്കെതിരെ ആര് ശബ്ദിച്ചാലും സത്യങ്ങൾ വിളിച്ചു പറഞ്ഞാലും അവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അറസ്റ്റ് ചെയ്ത് നിശബ്ദരാക്കുകയാണ്. സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. അതിന് തെളിവാണ് ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തൽ. കേന്ദ്രസർക്കാരിന്റെ ഇത്തരം ചെയ്തികളെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായി കോൺഗ്രസ് തുറന്നുകാട്ടും.
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മോദി സർക്കാർ നടത്തുന്നത്. മോദിയെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ജയിലിൽ അടക്കുന്നു. ഒരുഭാഗത്ത് ഭീഷണിപ്പെടുത്തലും അറസ്റ്റും മറുഭാഗത്ത് നമ്മുടെ സ്വകാര്യ വിവരങ്ങൾ പോലും ചോരുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.