മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ, ഇവരുടെ ലക്ഷ്യം ആർഭാട ജീവിതം നയിക്കൽ
text_fieldsകൊച്ചി: നഗരത്തിൽ വിൽപനക്കായി കൊണ്ടുവന്ന 2.2 ഗ്രാം എം.ഡി.എം.എയുമായിയുമായി യുവാക്കൾ പിടിയിൽ. ഇടപ്പള്ളി എയിംസിൽ ചക്കുംകൽ വീട്ടിൽ ഷാരോൺ (24), പോണേക്കര കൂടാനപ്പറമ്പ് റോഡ് കവലക്കൽ വീട്ടിൽ ജോൺ ജോസഫ് (25) എന്നിവരാണ് പിടിയിലായത്.പാലാരിവട്ടം ഒബ്റോൺമാൾ പരിസരത്തു വച്ച് വിൽപനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രതികൾ ബാംഗ്ലൂരിൽ നിന്നും ഇടനിലക്കാർ വഴി കുറഞ്ഞ വിലയ്ക്ക് ലഹരി വസ്തുക്കൾ വാങ്ങി ഉയർന്ന വിലയ്ക്ക് പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിലുള്ള യുവാക്കൾക്ക് വിൽപ്പന നടത്തി ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു.
അമിത ഉപയോഗം മരണത്തിനു വരെ കാരണമായേക്കാവുന്ന ഈ മയക്കുമരുന്ന് യുവാക്കൾക്കിടയിൽ 'എം' എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. റേവ് പാർട്ടികൾക്കും മറ്റും ഉപയോഗിച്ചു വരുന്ന ഈ രാസലഹരി മെട്രോ നഗരങ്ങളിലായിരുന്നു കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ കൊച്ചി പോലുള്ള കേരളത്തിലെ നഗരങ്ങളിലും യുവാക്കൾക്കിടയിൽ ഇത് ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്.
കൊച്ചി സിറ്റി കമ്മീഷണർ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെതുടർന്നായിരുന്നു അറസ്റ്റ്. യുവാക്കളുടെയും, വിദ്യാർഥികളുടെയും ഭാവി തകർക്കുന്ന ഇത്തരം മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്സ് ആപ്പ് ഫോർമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാവുന്നതാണ്.
പ്രസ്തുത വിവരം നൽകിയത് ആരാണെന്ന് ഇതിൽ അറിയാൻ സാധിക്കില്ല, കൂടാതെ 9497980430 എന്ന നമ്പറിലും വിവരങ്ങൾ അറിയിക്കാം. വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.