നിനച്ചിരിക്കാത്ത നേരത്ത് പ്രഖ്യാപനം; ശരവേഗത്തിൽ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: നിനച്ചിരിക്കാത്ത നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ശരവേഗത്തിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപനം വന്ന് മൂന്നു മണിക്കൂറിനകം ചാണ്ടി ഉമ്മന്റെ സ്ഥാനാർഥി പ്രഖ്യാപനം ഡൽഹിയിൽ നിന്നുണ്ടായി.
ഒരുപക്ഷേ, കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള സ്ഥാനാർഥി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കകം സ്ഥാനാർഥിയെന്ന പ്രഖ്യാപനം യാഥാർഥ്യമാക്കാനും കോൺഗ്രസിന് കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി മകൻ ചാണ്ടി ഉമ്മന് നൽകുന്നതിൽ കോൺഗ്രസിൽ ഏകാഭിപ്രായമായിരുന്നു.
ഇത്ര പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിട്ടില്ലാത്തതിനാൽ സി.പി.എം ഒറ്റപ്പേരിൽ എത്തിയിട്ടില്ല. നേരത്തേ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി. തോമസ്, റജി സക്കറിയ എന്നിവരാണ് പ്രധാന പരിഗണനയിൽ. അടുത്ത ദിവസങ്ങളിൽ ചേരുന്ന സി.പി.എം നേതൃയോഗത്തിൽ തീരുമാനമാകും.
ബി.ജെ.പി സ്ഥാനാർഥിയായി അനിൽ ആന്റണി വന്നേക്കും. ബി.ജെ.പിയിൽ ചേക്കേറിയതിന് പിന്നാലെ ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അനിൽ വന്നാൽ, കോൺഗ്രസിൽ പതിറ്റാണ്ടുകൾ ചേർന്നുനിന്ന ഉമ്മൻ ചാണ്ടിയുടെയും എ.കെ ആന്റണിയുടെയും മക്കൾ നേർക്കുനേർ വരുന്നെന്ന സവിശേഷതയുമുണ്ടാകും. ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ ഉപാധ്യക്ഷൻ ജോർജ് കുര്യന്റെ പേരും ബി.ജെ.പി പരിഗണനയിലുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിൽ പ്രതീക്ഷിച്ച ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് വന്നത് മുന്നണികൾക്ക് വെല്ലുവിളിയാണ്. ഒരുക്കങ്ങൾക്ക് ഒരുമാസം തികച്ചില്ല.
സ്ഥാനാർഥി നിർണയം മുതൽ പ്രചാരണംവരെ എല്ലാം അതിവേഗത്തിലാക്കണം. പ്രചാരണം കൊടുമുടി കയറേണ്ട ദിനങ്ങളിൽ ആഗസ്റ്റ് 24 വരെ നിയമസഭ സമ്മേളനമാണ്. ശേഷം ഓണാഘോഷം. മുന്നണികൾക്കും നേതാക്കൾക്കും പുതുപ്പള്ളി പരീക്ഷ തിരക്കേറിയതാകുമെന്നുറപ്പ്.
പുതുപ്പള്ളി ബാലികേറാമല അല്ലെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. 2021ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9000ലേക്ക് കുറച്ചുകൊണ്ടുവന്നതാണ് ആത്മവിശ്വാസത്തിന് ആധാരം. മണ്ഡലത്തിലെ പഞ്ചായത്തുകൾ ഭൂരിപക്ഷവും എൽ.ഡി.എഫ് ഭരണത്തിലാണ്.
ഒപ്പം ഇക്കുറി ഉമ്മൻ ചാണ്ടിയില്ലെന്നത് സാധ്യതയായി എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. എന്നാൽ, ജീവിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടിയെക്കാൾ പുതുപ്പള്ളിയെ സ്വാധീനിക്കുന്ന ശക്തിയായി അദ്ദേഹത്തിന്റെ ഓർമകൾ മാറിയെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കേരളം കണ്ടതിൽ ഏറ്റവും വികാരതീവ്രമായ വിലാപയാത്രക്കുശേഷം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആളൊഴിഞ്ഞ നേരമില്ല.
വിശുദ്ധനായി വാഴ്ത്തപ്പെടുന്നതുവരെ ചർച്ചയാകുമ്പോൾ മകൻ ചാണ്ടി ഉമ്മന് അനുഭാവ വോട്ടുകളുടെ ആനുകൂല്യം വേണ്ടുവോളമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.