സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളര്‍ത്തുന്നു -വി.ഡി സതീശൻ
text_fieldsകണ്ണൂര്‍: സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്യാർഥികളെ ക്രൂരമായി ആക്രമിക്കാന്‍ ഒത്താശ ചെയ്യുന്ന സി.പി.എം നേതൃത്വം ഏതു കാലത്താണ് ജീവിക്കുന്നത്. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഒരു വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയാറല്ലെന്നും ഞങ്ങളുടെ കുട്ടികളെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. തോട്ടട ഐ.ടി.ഐയില്‍ എസ്.എഫ്.ഐ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ.എസ്.യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പസില്‍ തുടര്‍ച്ചയായി അക്രമമാണെന്ന് ഇന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി എന്നോട് പരാതി പറഞ്ഞ കുട്ടികളാണ് അടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്നത്. നാളെ യൂണിയന്‍ തിരഞ്ഞെടുപ്പിലേക്ക് നോമിനേഷന്‍ കൊടുക്കാനുള്ള ദിവസമാണ്. അത് കൊടുക്കാതിരിക്കുന്നതിനു വേണ്ടിയാണ് എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണമുണ്ടായത്. കണ്ണൂരില്‍ സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളര്‍ത്തുകയാണ്.
ഐ.ടി.ഐയിലെയും തൊട്ടടുത്ത പോളിടെക്‌നിക്കിലെയും യൂണിയന്‍ ഓഫീസുകള്‍ ഇടിമുറികളാണ്. അവിടെ കെ.എസ്.യുക്കാരെ മാത്രമല്ല, എസ്.എഫ്.ഐ അല്ലാത്ത എല്ലാവരെയും ആക്രമിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്തതിന്റെ പേരില്‍ കെ.എസ്.യു അനുഭാവി അല്ലാത്ത കുട്ടിയെ ഇടിമുറിയില്‍ എത്തിച്ച് മര്‍ദിച്ചു. ഈ സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? അടിയന്തരമായി ഐ.ടി.ഐയും പോളിടെക്‌നിക്കും റെയ്ഡ് ചെയ്ത് പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുക്കണം.
പോളിടെക്‌നിക്കിലും ഐ.ടി.ഐയിലും പഠിക്കുന്ന പതിനെട്ടും പത്തൊന്‍പതും വയസുള്ള കുട്ടികളെയാണ് ക്രൂരമായി മര്‍ദിക്കുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. ഒരു കുട്ടിയുടെ നട്ടെല്ലിനു ക്ഷതമേറ്റു. കുറെ ക്രിമിനലുകള്‍ വന്ന് അക്രമം നടത്തുമ്പോള്‍ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ അതിന് കൂട്ടു നില്‍ക്കുകയാണ്. അനധ്യാപ ജീവനക്കാരാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. പ്രിന്‍സിപ്പല്‍ നിസംഗനായി നില്‍ക്കുകയാണ്. അദ്ദേഹത്തിന് അവിടെ വരാന്‍ പറ്റാത്ത രീതിയില്‍ പച്ചത്തെറിയാണ് വിളിക്കുന്നത്. ഒപ്പം നില്‍ക്കാത്ത അധ്യാപകരെ അശ്ലീലം പറയുകയും കയ്യേറ്റം ചെയ്യുകയുമാണ്.
എസ്.എഫ്.ഐ അല്ലാത്ത എല്ലാവരും ആക്രമിക്കപ്പെടുകയാണ്. ഇത് അവസാനിപ്പിച്ചേ മതിയാകൂ. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. പൊലീസിനെ പുറത്തു നിര്‍ത്തി ഗേറ്റ് പൂട്ടിയാണ് അകത്ത് അക്രമം നടത്തിയത്. ഇരകളായവരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ പൊലീസിനൊപ്പം നിന്നാണ് അക്രമത്തിന് നിര്‍ദേശം നല്‍കിയത്. ഭയന്നാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. വേറെ ആളുകളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.
എന്ത് വൃത്തികേടും ചെയ്യാന്‍ സി.പി.എം നേതൃത്വം ഒത്താശ ചെയ്യുകയാണ്. ഇവര്‍ ഏതു കാലത്താണ് ജീവിക്കുന്നത്? ഇങ്ങനെയാണോ വിദ്യാർഥി സംഘടന വളര്‍ത്തുന്നത്? പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ വിഷയം പാര്‍ട്ടി ഗൗരവമായി ഏറ്റെടുക്കും. ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കണം. ഗൗരവത്തോട് കൂടിയാണ് വിഷയത്തെ നോക്കിക്കാണുന്നത്.
ഒരു വിട്ടുവീഴ്ചക്കും തയാറല്ല. ഞങ്ങളുടെ കുട്ടികളെ ക്രിമിനലുകളുടെ മുന്നിലേക്ക് വലിച്ചെറിയാന്‍ തയാറല്ല. നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വീകരിച്ചില്ലെങ്കില്‍ അപ്പോള്‍ ആലോചിക്കാം. എന്തുവില കൊടുത്തും അതിനെ നേരിടും. ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കാന്‍ പറ്റുമോയെന്ന് ഞങ്ങള്‍ നോക്കട്ടെ എന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.