എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ വിജയകരമായതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. പ്രമേഹം, രക്താദിമര്‍ദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്, ഡയറ്റ് കൗണ്‍സിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴില്‍ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ്. ഇതിലൂടെ പ്രമേഹം മാത്രമല്ല പ്രമേഹം മൂലമുള്ള ഗുരുതര രോഗങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ഐസിഎംആറും നടത്തിയ പഠനത്തില്‍ കേരളത്തില്‍ 35 ശതമാനത്തിലേറെ പേര്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 15 ശതമാനം പേര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ പ്രമേഹത്തിന്റെ നിയന്ത്രണ നിരക്ക് 16 ആണ്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രമേഹ നിയന്ത്രണ നിരക്ക് 50 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കുന്നതിനായി നോണ്‍ മിഡ്‌റിയാടിക് ക്യാമറകള്‍ 172 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ 14 ജില്ലാ ആശുപത്രികളിലും ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. 82 ആശുപത്രികളില്‍ ഡയബറ്റിക് ഫൂട്ട് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ അത്യാധുനിക ഉപകരണങ്ങളോടെ ഞരമ്പുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.