Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരക്ഷിക്കാൻ അപേക്ഷിച്ച്...

രക്ഷിക്കാൻ അപേക്ഷിച്ച് മനുഷ്യക്കടത്തിന് ഇരയായ യുവതികൾ; നേരിടുന്നത് ക്രൂര പീഡനങ്ങൾ

text_fields
bookmark_border
രക്ഷിക്കാൻ അപേക്ഷിച്ച് മനുഷ്യക്കടത്തിന് ഇരയായ യുവതികൾ; നേരിടുന്നത് ക്രൂര പീഡനങ്ങൾ
cancel
Listen to this Article

കൊച്ചി: കുവൈത്തിൽ മനുഷ്യക്കടത്തിന് ഇരയായ മലയാളി യുവതികൾ രക്ഷിക്കാൻ സഹായം തേടി നാട്ടിലുള്ളവരെ ബന്ധ​പ്പെട്ടു. രക്ഷപ്പെട്ട് വന്നവരെയാണ് ഇപ്പോഴും കുവൈത്തിൽ കഴിയുന്ന യുവതികൾ ബന്ധപ്പെട്ടത്. നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് രണ്ടു യുവതികളാണ് തൃക്കാക്കര സ്വദേശിനിയെ വിളിച്ചത്.

യുവതികളെ ഗൾഫിലേക്ക് എത്തിച്ച ഏജന്റും കേസിൽ ഒളിവിലുള്ള രണ്ടാംപ്രതിയും മുഖ്യ സൂത്രധാരനുമായ കണ്ണൂർ തളിപ്പറമ്പ്‌ സ്വദേശിയുമായ മജീദ് നാല് യുവതികളെ മുറിയിൽ പൂട്ടിയിട്ടത് നേരിട്ട് കണ്ടെന്ന് രക്ഷപെട്ട് എത്തിയ യുവതികൾ പറഞ്ഞു. കൊല്ലം സ്വദേശിനിയെ ബെൽറ്റ് കൊണ്ട് അടിക്കുന്നത് കണ്ടതായും ഇവർ പറഞ്ഞു. ഏജൻറ് മജീദ് നേരിട്ടെത്താതെ വിടില്ലെന്നാണ് അറബികൾ പറയുന്നതെന്നും ഈ യുവതികള്‍ പറയുന്നു.

അതിനിടെ, കുവൈത്തിലേക്ക് സ്ത്രീകളെ കടത്തിയ സംഘം ചിലരെ പെൺവാണിഭത്തിന് നിർബന്ധിച്ചതായി കുവൈത്തിൽനിന്ന് മടങ്ങിവന്ന യുവതികളിലൊരാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആശുപത്രിയിലെ ശുചീകരണ തൊഴിൽ വാഗ്ദാനം ചെയ്താണ് യുവതിയെ കുവൈത്തിലെത്തിച്ചത്. അവിടെ കരാറടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിൽ മാറി ജോലി ചെയ്യാൻ നിർബന്ധിതമായി. വാഗ്ദാനം ചെയ്ത ശമ്പളമില്ലെന്ന് പരാതിപ്പെട്ടപ്പോൾ ചിലരുമായി ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഇവർ പറയുന്നു. മലയാളികളായ ചില സ്ത്രീകൾ തന്നെയാണ് ഇടനിലക്കാരായി യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നത്. കുവൈത്തിലെത്തുമ്പോൾ ഇടനിലക്കാരികൾക്കൊപ്പം കുറച്ചുദിവസം താമസിപ്പിക്കും. ഇതിനിടെ സ്വവർഗരതിക്കിരയാക്കി ബ്ലാക്ക്മെയിലും ചെയ്യും. കേരളത്തിന് പുറമെ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ഇപ്പോഴും സ്ത്രീകളെത്തുന്നുണ്ട്.

കുവൈത്തിലെത്തുമ്പോൾ പുതിയ തൊഴിൽവിസ പതിക്കാനെന്ന് പറഞ്ഞ് പാസ്പോർട്ട് ഇടനിലക്കാർ വാങ്ങിയെടുക്കും. പിന്നീട് ഇവർ പറയുന്നതനുസരിച്ചില്ലെങ്കിൽ യാത്രരേഖകളില്ലാതെ തങ്ങുന്നുവെന്നും ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തും. എമിഗ്രേഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ മനുഷ്യക്കടത്ത് സംഘത്തെ സഹായിക്കുന്നുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ട്.

കുവൈത്തിൽ ഇരകളാക്കപ്പെട്ടവരിൽ ഏറെപ്പേരും നെടുമ്പാശ്ശേരി വഴി എത്തിയവരാണ്. കുവൈത്തിലേക്ക് ആറ് മാസത്തിനിടെ നെടുമ്പാശ്ശേരിയിൽനിന്ന് വിസിറ്റിങ് വിസയിൽ കടന്ന ശേഷം കാലാവധി കഴിഞ്ഞും തിരികെയെത്താത്തവർ ആരൊക്കെയാണെന്നത് പരിശോധിക്കുന്നുണ്ട്. കുവൈത്തിൽ തട്ടിപ്പിനിരകളായവരിൽ ഏഴുപേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരുമായി മൊബൈൽ ഫോണിൽ വിവരങ്ങളുമാരാഞ്ഞു. എന്നാൽ, ഇ-മെയിൽ രേഖാമൂലം പരാതി നൽകാനാവശ്യപ്പെട്ടിട്ടും ഭൂരിപക്ഷം പേരും തയാറായിട്ടില്ല.

മുഖ്യപ്രതി മജീദിനെ നാട്ടിലെത്തിക്കാൻ പൊലീസ്

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി കണ്ണൂർ സ്വദേശി മജീദിനെ നാട്ടിലെത്തിക്കാൻ നടപടികളുമായി പൊലീസ്. ഇയാൾക്കായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാസ്പോർട്ട് വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കേരളത്തിലെത്തിച്ചുകഴിഞ്ഞാൽ നിലവിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ അജുവിനൊപ്പമിരുത്തി ചോദ്യംചെയ്യും. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ അജുവിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനുഷ്യക്കടത്തിന് പിന്നിൽ മജീദാണെന്നാണ് അജുവിന്‍റെ മൊഴി. ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാകൂ.

മജീദ് കുവൈത്തിലെ അംഗീകൃത റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. മനുഷ്യക്കടത്ത് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ നാട്ടിൽനിന്ന് മടങ്ങിയതെന്നും പറയുന്നു. ഇയാളെക്കുറിച്ചുള്ള കുവൈത്തിലെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

മജീദിനെ സഹായിച്ചെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശിക്കായി അന്വേഷണം നടക്കുന്നുണ്ട്. തട്ടിപ്പിനിരയായെന്ന് പരാതിപ്പെട്ട ഒരു മലയാളി യുവതിയുടെ മൊഴികൂടി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human traffickingkuwait human trafficking
News Summary - Victims of Kuwait human trafficking requesting rescue
Next Story