അഴിമതിക്കാരെ പൂട്ടാൻ വിജിലൻസ്; പട്ടിക മൂന്ന് മാസത്തിനകം
text_fieldsതിരുവനന്തപുരം: അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ പൂട്ടാനുറച്ച് വിജിലൻസ്. വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക മൂന്ന് മാസത്തിനുള്ളിൽ തയാറാക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദേശം നൽകി. ‘അഴിമതി മുക്ത കേരളം’ പദ്ധതിയുടെ ഭാഗമായാണിത്. വിവിധ വകുപ്പുകളിൽ നടത്തിയ മിന്നൽപരിശോധനകളിൽ നടപടിക്ക് സർക്കാറിന് ശിപാർശ ചെയ്യുന്നത് വേഗത്തിലാക്കും.
പൊതുജന പങ്കാളിത്തത്തോടെ അഴിമതിക്ക് തടയിടുന്ന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. നിലവിൽ സർക്കാർ ജീവനക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം വേഗത്തിലാക്കും. കൂടുതൽ അഴിമതി ആരോപണം ഉയരുന്ന വകുപ്പുകളിൽ മിന്നൽ പരിശോധന തുടരും. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, മോട്ടോർവാഹനവകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലാണ് കൂടുതൽ അഴിമതിയെന്നാണ് വിജിലൻസ് വിലയിരുത്തൽ.
ആറ് വർഷത്തിനിടെ വിവിധ വകുപ്പുകളിലെ 1613 ഉദ്യോഗസ്ഥരാണ് വിജിലൻസ് അന്വേഷണം നേരിടുന്നത്. തദ്ദേശവകുപ്പാണ് അഴിമതിപ്പട്ടികയിൽ ഒന്നാമത്. ഇവിടെ 154 ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. റവന്യൂവകുപ്പ്- 97. സഹകരണവകുപ്പ് - 61, സിവിൽ സപ്ലൈസ് - 37, പൊതുമരാമത്ത് - 29, വിദ്യാഭ്യാസം - 25, ആരോഗ്യം - 23, മോേട്ടാർവാഹനം - 20, വ്യവസായം - 13, കൃഷി - 13, എക്സൈസ് - 11 എന്നിങ്ങനെയാണ് വിവിധ വകുപ്പുകളിൽ കേസ് നേരിടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം. 85 ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. ഗുണ്ട, മാഫിയ ബന്ധത്തിന്റെ പേരിൽ 23 പൊലീസുകാർക്കെതിരെയും വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. സ്പെഷൽ ബ്രാഞ്ചിന്റെയും വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടമായി 23 പൊലീസുകാരുടെ പട്ടിക തയാറാക്കി അന്വേഷണം നടത്തുന്നത്. ഡിവൈ.എസ്.പി വരെയുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.