മാനസികാസ്വാസ്ഥ്യമുള്ള യുവതിയുടെ പരാക്രമം: പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
text_fieldsതിരൂർ: പുറത്തൂർ പഞ്ചായത്ത് ഓഫിസിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയുടെ പരാക്രമം. പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് യുവതിയുടെ പരാക്രമത്തിൽ പരിക്കേറ്റു.പടിഞ്ഞാറെക്കര സ്വദേശിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ പുറത്തൂർ പഞ്ചായത്ത് ഓഫിസിൽ കയറി പരാക്രമം കാണിച്ചത്.
വർഷങ്ങൾക്കു മുമ്പ് നികുതിയായി അടച്ച പണം തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് യുവതി ഓഫിസിലെത്തി പ്രശ്നമുണ്ടാക്കിയത്. ബഹളമുണ്ടാക്കിയ ഇവരെ മെംബർമാരും മറ്റും അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി. പൊടുന്നനെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസിലേക്ക് കയറി പ്രസിഡന്റിന്റെ മൊബൈൽ ഫോൺ എടുത്ത് വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും മേശ മുകളിലുണ്ടായിരുന്ന ഫയലുകളും മറ്റും വലിച്ചെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു.
ഇത് തടയാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസന്റെ ഷർട്ട് വലിച്ചുകീറുകയും മുഖത്തും ശരീരത്തിലും മാന്തുകയും ചെയ്തു. ഇതോടെ ഓഫിസിലുണ്ടായിരുന്ന വനിത മെംബർമാർ ഓടിയെത്തി യുവതിയെ തടയാൻ ശ്രമിച്ചു. എന്നാൽ, പരാക്രമം കാട്ടിയ യുവതി മെംബർ സജിത മാപ്പാലയുടെ സ്വർണമാല പൊട്ടിക്കുകയും സാരി വലിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് പിങ്ക് പൊലീസെത്തി യുവതിയെ ബലം പ്രയോഗിച്ച് പിടികൂടി. മുഖത്ത് പരിക്കേറ്റ പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലും പരിക്കേറ്റ ജീവനക്കാരി ജസനാ ഭാനു പുറത്തൂർ സി.എച്ച്.സിയിലും ചികിത്സ തേടി. യുവതിയെ പൊലീസ് ഇമ്പിച്ചിബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി പ്രകാരം തിരൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.