ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണം, ഒരു വർഷം ഫോൺ ഉപയോഗിക്കരുത്; ദിലീപിന്റെ ശബ്ദരേഖ പുറത്ത്
text_fieldsനടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിലെ വധഗൂഢാലോചനാകേസിൽ നിർണായകമായ ദീലീപിന്റെ ശബ്ദരേഖ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് നിർദേശം നൽകുന്ന ശബ്ദരേഖയാണ് പുറത്തായത്. 'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണം' എന്ന് ശബ്ദരേഖയിൽ ദിലീപ് പറയുന്നുണ്ട്. ഒരുവർഷത്തേക്ക് ഒരു രേഖയും ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും പറയുന്നു. ദിലീപിന്റെ ശബ്ദത്തിൽ തന്നെയാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പുള്ളത്. ശബ്ദരേഖയെക്കുറിച്ചുള്ള വിവരങ്ങൾ പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ശബ്ദരേഖ തന്റെ കൈയിലുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എങ്ങനെ കൃത്യം ചെയ്യണം. തെളിവ് നശിപ്പിക്കാൻ അത് ഏറെ പ്രയോജനം ചെയ്യുമെന്നെല്ലാം ശബ്ദരേഖയിൽ പറയുന്നുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
കോടതിയുടെ മുൻപിലിരിക്കുന്ന കേസായതുകൊണ്ടാണ് ഓഡിയോ പുറത്തുവിടാത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. ശാപവാക്കാണെന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞൊഴിഞ്ഞിരുന്നത്. അതല്ലെന്ന് വ്യക്തമാക്കുന്ന നിർണായകമായ തെളിവാണ് ഓഡിയോ ക്ലിപ്പ്. കോടതി തടഞ്ഞാൽ പുറത്തുവിടാൻ സാധിക്കില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
'അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് തന്നെയായിരുന്നു ചർച്ച. കൂട്ടത്തിൽ ദിലീപിന് ഏറ്റവും കൂടുതൽ ദേഷ്യമുള്ളത് ബൈജു പൗലോസിനോടാണ്. എന്റെ മൊഴിയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്നും ബൈജു പൗലോസിന്റെ പേരിൽ ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. കോടതി വളപ്പിൽ കണ്ടപ്പോൾ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ദിലീപ് ചോദിച്ചതായി അതിൽ പറയുന്നുണ്ട്. അതും ഒരു ഭീഷണിയാണ്.'-ബാലചന്ദ്രകുമാർ പറഞ്ഞു. അതേസമയം, ബാലചന്ദ്രൻ ബലാത്സംഗം ചെയ്തു എന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയിട്ടുണ്ട്. വീട്ടിലേക്ക് വിളിച്ചുവരുത്തി പീഢിപ്പിച്ചു എന്നാണ് സ്ത്രീ കൊച്ചിയിൽ കൊടുത്ത പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.