വന്യജീവി ആക്രമണം: പ്രത്യേക ഇന്‍ഷുറന്‍സ് നടപ്പാക്കണമെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും ജീവനോപധികളും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. വന്യജീവികളെ സംരക്ഷിക്കണം. എന്നാല്‍, മനുഷ്യ ജീവിതവും കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആഗോള, ദേശീയ വിദഗ്ധരുമായി കൂടിയാലോചിച്ച് കേരളത്തിന്‍റെ ഭൂമിശാസ്ത്ര പശ്ചാത്തലത്തില്‍ വേണം സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടുത്താതെ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കണം. ഇതിനായി സി.സി.എഫിന്‍റെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണ് വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള മൂലകാരണം. വനാതിര്‍ത്തികളില്‍ വന്യജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കൃഷിരീതി മാറ്റുന്നതിനെ കുറിച്ചും ആലോചിക്കണം. പരമ്പരാഗതമായ ആനത്താരകള്‍ സംരക്ഷിക്കാനും കുടിവെള്ള സ്രോതസ് വനത്തിനുള്ളില്‍ സജ്ജീകരിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ടാക്കണം. വന്യജീവി ആക്രമണം തടയാനുള്ള സമഗ്രമായ പദ്ധതികളോ ആവശ്യമായ പണമോ വനം വകുപ്പിനില്ലെന്നാണ് മന്ത്രി പറയുന്നത്.
വന്യജീവികളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം. വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക ഇന്‍ഷുറന്‍സ് നടപ്പാക്കാനും സര്‍ക്കാര്‍ തയാറാകണം. പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടലുണ്ടാകുമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ വാക്കൗട്ട് ഒഴിവാക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്യജീവികളുടെ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും കൃഷിനാശം ഉണ്ടാകുകയും ചെയ്ത സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.