യോഗ്യത ട്രംപുമായുള്ള സൗഹൃദം; സ്കൂൾ ഡ്രോപ് ഔട്ട് നാസയുടെ തലപ്പത്തേക്ക്
text_fieldsബഹിരാകാശ ഗവേഷണത്തിൽ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: നാസ. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചതും ചൊവ്വയിൽ റോബോട്ടിക് വാഹനം ഇറക്കിയതും ബഹിരാകാശ നിലയങ്ങൾ സ്ഥാപിച്ചതുമെല്ലാം നാസയായിരുന്നു.
സൗരയൂഥത്തിനുപുറത്ത് ഭൗമസമാന ഗ്രഹങ്ങൾ കണ്ടെത്തിയതുൾപ്പെടെ പ്രപഞ്ച വിജ്ഞാനീയത്തെ മനുഷ്യഭാവനക്കപ്പുറം വികസിപ്പിച്ചതിനുപിന്നിൽ ശാസ്ത്രലോകത്തെ പ്രാപ്തമാക്കിയത് നാസയായിരുന്നെന്ന് പറയാം. അത്തരമൊരു സ്ഥാപനത്തിന്റെ തലപ്പത്തേക്ക് വരുന്നതാരാണെന്നറിയാമോ? ജെറാഡ് ഐസക്മാൻ എന്ന കോടീശ്വരൻ!
പഠനത്തിൽ മോശമായതിനാൽ സ്കൂൾ ഉപേക്ഷിച്ചയാളാണ് ഐസക്മാൻ. പിന്നീട് കഠിനപ്രയത്നത്തിലൂടെ അറിയപ്പെടുന്ന ബിസിനസുകാരനും സ്വകാര്യ ബഹിരാകാശ യാത്രികനുമൊക്കെയായി അദ്ദേഹം റെക്കോഡ് സൃഷ്ടിച്ചു. ഇലോൺ മസ്കിന്റെ സ്പേസ് എക്സിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം ബഹിരാകാശ യാത്ര നടത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഐസക്മാൻ ബഹിരാകാശത്ത് നടക്കുകയും ചെയ്തു. നിലവിലെ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസന്റെ അനുഭവ പരിജ്ഞാനവുമായി താരതമ്യം ചെയ്യുമ്പോൾ ഐസക്മാന്റേത് വളരെ കുറവാണ്. നേരത്തേ നാസയുടെ കൊളംബിയ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയും ബഹിരാകാശ യാത്ര നടത്തുകയും ചെയ്ത ബിൽ നെൽസൻ പിന്നീട് മൂന്നു പതിറ്റാണ്ടോളം സെനറ്റിലും പ്രവർത്തിച്ചു.
അമേരിക്കൻ വ്യോമസേനയിൽ പ്രവർത്തിച്ച പരിചയം വേറെയുമുണ്ട്. ഇതൊന്നുമില്ലാത്ത ഐസക്മാന്റെ മൂലധനം അദ്ദേഹത്തിന്റെ പണവും പിന്നെ ട്രംപുമായുള്ള സൗഹൃദവുമാണ്. ട്രംപ് ആണ് അദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെടും. അക്കാദമികമോ ഭരണപരമോ ആയ മുൻപരിചയമില്ലാത്ത ഒരാൾ നാസയുടെ തലപ്പത്തെത്തുന്നത് ഇതാദ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.