വാർഡ് മെംബറിൽ നിന്ന് 'ജഡ്ജിയായി' കുഞ്ഞികൃഷ്ണൻ മാഷ്
text_fieldsപടന്ന: 'ന്നാ താൻ കേസ് കൊട്' ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ ഉദിനൂരിലെ കുഞ്ഞികൃഷ്ണൻ മാഷ് ജീവൻ പകർന്ന ചിത്രത്തിലെ മജിസ്ട്രേറ്റും സിനിമാപ്രേമികളുടെ ശ്രദ്ധകവരുകയാണ്. ക്ലബുകളിലും മറ്റും കളിച്ച നാടകാഭിനയത്തിന്റെ പിൻബലത്തിൽ കാമറക്ക് മുന്നിലെത്തിയ ഒരാളിൽനിന്നുണ്ടായ പ്രകടനം സിനിമ രംഗത്തെ മുൻനിരക്കാരുടെ പോലും പ്രശംസക്ക് കാരണമായി.
റിട്ട. അധ്യാപകനും പടന്ന പഞ്ചായത്ത് ഒമ്പതാം വാർഡ് മെംബറും കൂടിയായ കുഞ്ഞികൃഷ്ണൻ മാഷിന് നാട്ടിലിപ്പോൾ മജിസ്ട്രേറ്റിന്റെ പത്രാസാണ്. ടീസറും ട്രൈലറും വന്നപ്പോഴാണ് അയൽവാസികൾപോലും സിനിമയിൽ അഭിനയിച്ചകാര്യം അറിയുന്നത്. ഷൂട്ട് നടന്നത് സമീപപ്രദേശമായ ചീമേനിയിൽ വെച്ചായതിനാൽ ദിവസേന പോയിവന്നാണ് അഭിനയിച്ചത്. തൊട്ടടുത്തുള്ള സഹോദരിയോ മറ്റ് ബന്ധുക്കളോ പോലും സിനിമയിലഭിനയിക്കാനാണ് പോകുന്നതെന്നറിഞ്ഞിരുന്നില്ല.
നാട്ടുകാരിൽ മിക്കവരും സിനിമ കണ്ടതോടെയാണ് സിനിമയിൽ വലിയ റോൾ തന്നെ മാഷിന് ഉണ്ടെന്ന് മനസ്സിലായത്. സ്വന്തം തട്ടകമായ മനീഷ ക്ലബിൽ എല്ലാവരും ചേർന്ന് പായസം വെച്ച് വീടുകളിൽ എത്തിച്ചും മാഷ് മെംബറായ പടന്ന പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ കുടുബശ്രീപ്രവർത്തകർ പായസവിതരണം നടത്തിയും അദ്ദേഹത്തിന്റെ സിനിമപ്രവേശനം ആഘോഷമാക്കി.
താൻ സെക്രട്ടറിയായ മനീഷ തടിയൻകൊവ്വൽ കലാസമിതിയുടെയും കോറസ് മാണിയാട്ട് നടത്തുന്ന പ്രഫഷനൽ നാടകമത്സരത്തിനിടയിലെ അമച്വർ സമിതിയുടെ നാടകങ്ങളിലും ബാലസംഘം, സാക്ഷരതാ കലജാഥാ എന്നിവയുടെ തെരുവുനാടകങ്ങളിലും മാത്രം അഭിനയിച്ച് പരിചയമുള്ള കുഞ്ഞികൃഷ്ണൻ മാഷ് ആദ്യമായാണ് കാമറക്ക് മുന്നിലെത്തുന്നത്. ഇതിന് നിമിത്തമായത് നടനും നാട്ടുകാരനുമായ ഉണ്ണിരാജയും.
അദ്ദേഹത്തിന്റെ നിർബന്ധ പ്രകാരമായിരുന്നു മാഷ് അപേക്ഷ അയച്ചത്. സിനിമ ഒരാഗ്രഹം ആയിരുന്നെങ്കിലും വലിയ വേദികളിലൊന്നും ഇതിനുമുമ്പ് പ്രകടനം നടത്തിയിട്ടില്ലാത്ത മാഷിന് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. കാസ്റ്റിങ് ഡയറക്ടർ രാജേഷ് മാധവൻ വിളിച്ചപ്പോഴും മിന്നിമറയുന്ന ഏതെങ്കിലും ഒരു വേഷം, അത്രയേ പ്രതീക്ഷിച്ചുള്ളൂ.
മൂന്ന് ഘട്ടങ്ങളിലായുള്ള ഇന്റർവ്യൂവിന് ശേഷം നടന്ന 10 ദിവസത്തെ പ്രീഷൂട്ടിലെ പ്രകടനം കുഞ്ഞികൃഷ്ണന് ത്രൂ ഔട്ട് റോൾ തന്നെ ലഭിക്കാൻ കാരണമായി. ബേസിൽ ജോസഫിനെ പോലുള്ള മുൻനിര നടന്മാർക്കായി മാറ്റിവെച്ചിരുന്ന റോളാണ് സംവിധായകൻ തന്നിൽ വിശ്വാസമർപ്പിച്ച് തന്നതെന്ന് മാഷ് പറയുന്നു. സംവിധായകനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബൻ അടക്കമുള്ള ടീമിന്റെ പ്രോത്സാഹനമാണ് തനിക്ക് കരുത്തായത്. അഭിനയംകണ്ട് കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ബിന്യാമിൻ തുടങ്ങിയ സിനിമ-സാഹിത്യമേഖലയിലെ നിരവധിപേരാണ് വിളിക്കുന്നത്.
ഇതിൽ ഉണ്ണിമുകുന്ദൻ കൂടെ അഭിനയിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ഒക്ടോബറിൽ ആരംഭിക്കുന്ന ഇതേ ടീമിന്റെ ഒരു പ്രോജക്ടിന്റെ ഭാഗമാകാനുള്ള ക്ഷണവും മാഷിന് ലഭിച്ചുകഴിഞ്ഞു. ഒന്നുരണ്ട് സിനിമകളിലേക്കും ഇതിനകം ക്ഷണം ലഭിച്ചിട്ടുണ്ട്. ഭാര്യ സരസ്വതി തടിയൻകൊവ്വൽ സ്കൂളിൽ ടീച്ചറാണ്. മൂത്ത മകൻ സാരംഗ് മർച്ചന്റ് നേവിയിലാണ്. രണ്ടാമത്തെ മകൻ ആസാദ് ചെന്നൈയിൽ പഠിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.